രജനീകാന്തും ജയലളിതയും ബദ്ധശത്രുക്കളായിട്ടാണ് അറിയപ്പെടുന്നതെങ്കിലും രജനീകാന്തിന്റെ ഇത്തവണത്തെ വോട്ട് ജയലളിതയുടെ സ്ഥാനാര്‍ത്ഥിക്ക്! താനാര്‍ക്കാണ് വോട്ട് ചെയ്തതെന്ന് രജനീകാന്ത് പറഞ്ഞില്ലെങ്കിലും സൂപ്പര്‍ സ്റ്റാര്‍ വോട്ടുചെയ്യുന്നത് ‘ലൈവ് ടെലകാസ്റ്റ്’ ചെയ്യാനെത്തിയ ചാനലുകളുടെ ക്യാമറക്കണ്ണിലാണ് ഇരട്ടയിലയ്ക്ക് നേരെയുള്ള ബട്ടണില്‍ രജനി അമര്‍ത്തുന്നത് പതിഞ്ഞത്.
സ്കൂപ്പ് കിട്ടിയ ചാനലുകാര്‍ ഉടന്‍ തന്നെ രജനികാന്ത് എഐഎഡിഎംകെയ്ക്ക് വോട്ടുചെയ്യുന്നത് സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായ വളര്‍മതിക്ക് രജനീകാന്ത് വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ വിടാതെ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ ഇടപെട്ടു. മാധ്യമങ്ങളിലൂടെ ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ചട്ടവിരുദ്ധമാണെന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തിവച്ചു.
തന്നെ വോട്ട് ചെയ്യുന്നത് പോലെ ‘പോസ്’ കൊടുക്കാന്‍ ചില ചാനലുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് താന്‍ നല്‍കിയ പോസാണ് മാധ്യമങ്ങളിലൂടെ വന്നത് എന്നാണ് രജനീകാന്തിന്റെ നിലപാട്. കരുണാനിധിയ്ക്ക് അടുപ്പമുള്ള ഡിഎംകെ നേതാക്കളെ രജനീകാന്ത് ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ടെത്രെ. എന്തായാലും തെരഞ്ഞെടുപ്പ് ദിവസം ഉച്ചതിരിഞ്ഞ് ‘പൊന്നര്‍ ശങ്കര്‍’ എന്ന സിനിമയുടെ പ്രിവ്യൂ കാണാന്‍ രജനീകാന്തും കരുണാനിധിയും ഒരുമിച്ച് ഉണ്ടായിരുന്നു.