രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രി കെസി ജോസഫ് ഡല്‍ഹിയില്‍

തിങ്കള്‍, 27 ഏപ്രില്‍ 2015 (11:27 IST)
നേപ്പാള്‍ ഭൂകമ്പത്തില്‍ അകപ്പെട്ടു പോയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മന്ത്രി കെ സി ജോസഫ് ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ എത്തിയ കെ സി ജോസഫ് കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കാണും.
 
നേപ്പാളില്‍ കുടുങ്ങിയ ഡോക്‌ടര്‍മാര്‍ മൂന്നു പേരും സുരക്ഷിതരാണെന്ന് മന്ത്രി പറഞ്ഞു. എത്ര മലയാളികള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയില്ലെന്നും നോര്‍ക്കയുടെ ഓഫീസിലേക്കും കേരള ഹൌസിലേക്കും സഹായം അഭ്യര്‍ത്ഥിച്ച് ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
 
ടൂര്‍ പാക്കേജില്‍ പോകുന്നതാകയാല്‍ കേരള ഹൌസില്‍ എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്കും. എന്നാല്‍, നാട്ടിലേക്ക് ടിക്കറ്റ് നല്കാന്‍ നിവൃത്തിയില്ലെന്നും മന്ത്രി അറിയിച്ചു. മലയാളികളായ ഒരാള്‍ക്കും അപകടം സംഭവിച്ചതായി ഇതുവരെ അറിയില്ലെന്നും ഡല്‍ഹിയില്‍ എത്തിയ മന്ത്രി പറഞ്ഞു. 
 
അതേസമയം, ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനത്താവളത്തില്‍ എത്തും. കേരള ഹൌസ് ജീവനക്കാര്‍ വിമാനത്താവളത്തില്‍ എത്തും. മലയാളികള്‍ ആരെങ്കിലും എത്തുകയാണെങ്കില്‍ അവരെ ഉടന്‍ തന്നെ കേരള ഹൌസിലെത്തിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ആയിരിക്കും.

വെബ്ദുനിയ വായിക്കുക