യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ നരേന്ദ്രമോഡിക്കെതിരേയുള്ള ആരോപണത്തിന്റെ മുനയൊടിഞ്ഞു. തന്റെ അറിവോടെ, സുരക്ഷയ്ക്കുവേണ്ടിയായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ തന്നെ നിരീക്ഷിച്ചതെന്ന് 'നിരീക്ഷണ വിവാദ'ത്തിലകപ്പെട്ട യുവതി കോടതിയില്‍ വ്യക്തമാക്കിയതോടെയാണിത്. ഇക്കാര്യത്തില്‍ തുടരന്വേഷണം വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണം വിലക്കാന്‍ ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചതോടെ വിവാദമായ കേസില്‍നിന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് തത്കാലം തലയൂരാനാകും. ആര്‍ക്കിടെക്ടായി ജോലിചെയ്യുന്ന യുവതിയെ മോഡിയുടെ അറിവോടെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദേശപ്രകാരം 2009 മുതല്‍ സംസ്ഥാന പൊലീസ് നിരീക്ഷണവലയത്തിലാക്കിയെന്നാണ് കേസ്. സ്വകാര്യ വെബ്‌സൈറ്റ് പുറത്തുവിട്ട നിരീക്ഷണവിവാദം കത്തിപ്പടര്‍ന്നതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് തടയിടാനെന്നവണ്ണം ഗുജറാത്ത് സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചു.
ഇതിനിടെ, കേസില്‍ അന്വേഷണക്കമ്മീഷനായി സിറ്റിംഗ് ജഡ്ജിയെ ഈ മാസം 16-നുമുമ്പ് പ്രഖ്യാപിക്കുമെന്ന് നിയമമന്ത്രി കപില്‍ സിബലും ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും വ്യക്തമാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. തിടുക്കപ്പെട്ട് ജഡ്ജിയെ നിയമിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സിന്റെ ഘടകകക്ഷികളായ എന്‍.സി.പി. യും നാഷണല്‍ കോണ്‍ഫറന്‍സും രംഗത്തുവന്നു. സമ്മര്‍ദം താങ്ങാനാവാതെ തീരുമാനത്തില്‍നിന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി.