യുപി സ്ഫോടനം മരണം കൂടുന്നു

വെള്ളി, 23 നവം‌ബര്‍ 2007 (15:28 IST)
ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ വെള്ളിയാഴ്ച നടന്ന സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. ലക്നൌ, ഫൈസാബാദ്, വാരണാസി എന്നിവിടങ്ങളിലെ കോടതികളിലും പരിസരങ്ങളിലുമാണ് സ്ഫോടനം നടന്നത്.

കനത്ത സ്ഫോടനം നടന്ന വാരണാസിയിലും ഫൈസാബാദിലും ഏഴ് പേര്‍ വീതമാണ് കൊല്ലപ്പെട്ടത്. ഫൈസാബാദിലെ ക്രിമിനല്‍ കോടതിയിലാണ് സ്ഫോടനം നടന്നത്. പരിസരത്തു നിന്നും സ്ഫോടനത്തിന് ഉപയോഗിച്ച രണ്ട് സൈക്കിളുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ലക്നൌവില്‍ നാടന്‍ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഇവിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടുഎന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സ്ഫോടനം ആസൂത്രിതമാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥരില്‍ ബലപ്പെടുത്തുന്നു. നാടന്‍ ബോംബ് പൊട്ടിച്ച് പൊലീസിന്‍റെ ശ്രദ്ധ തിരിക്കാനുള്ള നടപടിയായിരുന്നു എന്നാണ് നിഗമനം.

മൂന്ന് സ്ഥലങ്ങളിലെയും കോടതികളില്‍ അഞ്ചുമിനിറ്റ് ഇടവിട്ടായിരുന്നു സ്ഫോടനങ്ങള്‍. കോടതിയില്‍ വളരെ തിരക്കേറിയ സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായിരിക്കുകയാണ്.

സ്ഥിതിഗതികള്‍ വിലയിരുത്താനായി ലക്നൌവില്‍ ഉന്നത തല യോഗം ചേര്‍ന്നിട്ടുണ്ട്. അടിയന്തിരമായി സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് യോഗം തീരുമാനിക്കും.

വെബ്ദുനിയ വായിക്കുക