യാത്രാക്കൂലി വര്‍ദ്ധനവ് അനിവാര്യമായിരുന്നു എന്ന് റയില്‍വെ മന്ത്രി സദാനന്ദ ഗൌഡ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റയില്‍വെയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റയില്‍വെയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യമാണ്. ഇതിനായി മന്ത്രിസഭയുടെ അനുമതി തേടുമെന്നും സദാനന്ദഗൌഡ പറഞ്ഞു. ഹൈ സ്പീഡ് ട്രെയിനിനായി പൊതു - സ്വകാര്യ നിക്ഷേപം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ സ്റ്റേഷനുകളിലും കുടിവെള്ളം, ടോയ്ലെറ്റുകള്, വിശ്രമമുറികള്‍ എന്നിവ ഉറപ്പാക്കും. സുരക്ഷയ്ക്കും വൃത്തിക്കും പ്രാധാന്യം നല്‍കും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതല്‍ വിപുലമാക്കും. ഇന്ധനവില വ്യതിയാനം അനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തും.
ലോകത്തെ ഒന്നാമത്തെ റയില്‍വെ സര്‍വീസാക്കി ഇന്ത്യന്‍ റയില്‍വെയെ മാറ്റും. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി അറിയിച്ചു. ചരക്കുനീക്കത്തില്‍ ഇന്ത്യന്‍ റയില്‍വെയെ ഒന്നാമതെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഏറെ നിര്‍ണായകമാണ് റയില്‍വെ. വരുമാനത്തിന്റെ 94 ശതമാനവും ചെലവാണ്. മിച്ചം കിട്ടുന്നത് ആറുശതമാനം തുകയാണ്. ഇത് വികസനത്തിന് മതിയാകില്ല - മന്ത്രി വ്യക്തമാക്കി.
ദിവസവും 230 ലക്ഷം ആളുകള്‍ ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്നു എന്നും സദാനന്ദ ഗൌഡ വ്യക്തമാക്കി. നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ റയില്‍വെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.