ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉടനെന്ന് കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 16ന് മുമ്പ് തന്നെ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ തീരുമാനിക്കുമെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടതാണെന്നും അത് നടപ്പാക്കുന്നതിന് പെരുമാറ്റച്ചട്ടം ബാധമകല്ലെന്നും മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
അതേസമയം മോഡിക്കെതിരായ അന്വേഷണം ഏറ്റെടുക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്‍ദ്ദേശത്തെ സിബല്‍ വിമര്‍ശിച്ചു. അന്വേഷണത്തെ ബിജെപി ഇത്രയ്ക്ക് ഭയപ്പെടുന്നത് എന്തിനാണ്. കമ്മിഷനെ നിയമിച്ചാല്‍ മോഡിയെ ഒരിക്കലും രക്ഷിക്കാനാവില്ലെന്ന് ബി.ജെ.പി ആശങ്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗോധ്ര കലാപം അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട നാനാവതി കമ്മിഷന്‍ പോലെ ആയിരിക്കില്ല ഈ സമിതി. ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഇതാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയെന്നും സിബല്‍ പറഞ്ഞു.