മോഡിക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

വെള്ളി, 22 നവം‌ബര്‍ 2013 (14:41 IST)
PTI
2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക അപൂര്‍ണ്ണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.

2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച നരേന്ദ്ര മോഡി സമര്‍പ്പിച്ചിരുന്ന നാമനിര്‍ദ്ദേശ പത്രിക അപൂര്‍ണമാണെന്നായിരുന്നു ഹര്‍ജി. ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പത്രികയില്‍ ഭാര്യയുടെ പേര് മോഡി മറച്ചു വെച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.

രാഷ്ട്രീയ ശത്രുതകള്‍ പൊതു താല്‍പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയുടെ പേര് മറച്ചു വെച്ചെന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. പത്രികയിലെ ഭാര്യയുടെ പേര് രേഖപ്പെടുത്തേണ്ട കോളം മോഡി പൂരിപ്പിക്കാതെ വിടുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച പത്രിക ഇനിയും പരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് കോടതി കരുതുന്നില്ലെന്ന് ജസ്റ്റീസ് പി സദാശിവം നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക