മുസ്ലീങ്ങള്‍ ബാങ്ക് ജോലി ചെയ്യുന്നതിനെതിരെ സമുദായത്തിന്റെ വിലക്ക്. സമുദായാംഗങ്ങള്‍ ബാങ്കില്‍ ജോലി ചെയ്യരുത് എന്നും മദ്യവുമായി ബന്ധപ്പെട്ട ഒരു കമ്പനികളിലും പ്രവര്‍ത്തിക്കരുത് എന്നുമാണ് രാജ്യത്തെ പ്രധാന മുസ്ലീം സെമിനാരിയായ ദിയോബന്ധ് പുറപ്പെടുവിച്ചിരിക്കുന്ന ഏറ്റവും പുതിയ ഫത്‌വ.
പലിശ എഴുതുന്നത് ഉള്‍പ്പെടെയുള്ള ബാങ്ക് ജോലികള്‍ വിലക്കപ്പെട്ടതാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം നിയമാനുസൃതമുള്ളതല്ല. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഇസ്ലാമികമല്ലെന്നാണ് മുസ്ലീം നിയമം. സെമിനാരിയിലെ മൂന്നംഗ ബഞ്ച് ആയ മുഫ്തി-ഇ-കരം ആണ് ഫത്‌വ പുറപ്പെടുവിച്ചത്.
സെമിനാരിയുടെ വെബ്സെറ്റില്‍ ഇടം പിടിച്ച മറ്റൊരു ഫത്‌വയില്‍, പലിശ വാങ്ങുകയോ നല്‍കുകയോ ചെയ്യുന്ന കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മദ്യ കമ്പനികള്‍ തുടങ്ങിയവയുടെ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത് എന്നും അനുശാസിക്കുന്നു.
ഇതേ സെമിനാരി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഒരു ഫത്‌വയില്‍, പുരുഷന്‍മാരുടെ അടുത്ത് സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാതെ ഇരുന്ന് ജോലി ചെയ്യുന്നതിനെ വിലക്കിയിരുന്നു. സ്ത്രീകളുടെ സമ്പാദ്യം വിലക്കപ്പെട്ടതാണെന്നും മുസ്ലീം പുരോഹിതര്‍ പറഞ്ഞിരുന്നു.