മുത്താലികിന്‍റെ പ്രസംഗവും വിവാദം

വെള്ളി, 30 ജനുവരി 2009 (11:29 IST)
മംഗലാപുരത്ത് പബില്‍ സ്ത്രീകളെ ആക്രമിച്ച സംഭവത്തിന് പിന്തുണ നല്‍കിയതിന് നടപടികള്‍ നേരിടുന്ന ശ്രീ രാമ സേന അധ്യക്ഷന്‍ പ്രമോദ് മുത്താലിക് മലേഗാവ് സ്ഫോടനത്തിന് പിന്തുണ നല്‍കി നടത്തിയ പ്രസംഗവും വിവാദമാവുന്നു.

2008 ജനുവരി 17 ന് മുത്താലിക് ഉഡുപ്പിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് പരസ്യമായി തീവ്രവാദ പ്രവര്‍ത്തനത്തെ പിന്തുണച്ചത്. “ഇത് സ്ഫോടനങ്ങളുടെ കാലമാണ്. മലേഗാവ് വെറുമൊരു പരസ്യം മാത്രം. എല്ലാ വീടുകളിലും പ്രജ്ഞ സിംഗ് ഠാക്കൂറിനെ പോലെയുള്ള ഒരാളുണ്ടാവും. എല്ലാ വീട്ടമ്മമാരും ബോംബ് കൈയ്യിലെടുക്കുന്ന സമയമാണിത്”, മുത്താലിക് വിവാദമായ പ്രസംഗത്തില്‍ പറയുന്നു.

മലേഗാവ് സ്ഫോടനത്തോട് അനുബന്ധിച്ച് പ്രജ്ഞ സിംഗിന്‍റെ പേര് പുറത്തുവന്നപ്പോഴേക്കും അവര്‍ക്ക് പിന്തുണയുമായി മുത്താലിക് രംഗത്ത് എത്തിയിരുന്നു. പ്രജ്ഞ വിപ്ലവകാരിയാണെന്നും അവരെ മാതൃകയാക്കണമെന്നും മുത്താലിക് അഭിപ്രായപ്പെട്ടിരുന്നു.

പ്രജ്ഞയെ ത്രിവ്രവാദി എന്ന നിലയില്‍ കാണരുത് എന്നും ഭീകരത എന്നത് രാജ്യദ്രോഹികളുടെ പ്രവര്‍ത്തനമാണെന്നും പ്രജ്ഞ സിംഗ് ഇങ്ങനെയൊരു സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ അവര്‍ വിപ്ലവകാരിയാണ്. അവരെ തീവ്രവാദി എന്ന് വിളിച്ചാല്‍ ഝാന്‍സി റാണിയെയും ഭഗത് സിംഗിനെയും അങ്ങനെ വിളിക്കേണ്ടി വരുമെന്നും മുത്താലിക് അഭിപ്രായപ്പെട്ടിരുന്നു.

മലേഗാവന്‍ സ്ഫോടന കേസിലെ മുഖ്യ കുറ്റാരോപിതരില്‍ ഒരാളായ ലഫ്.കേണല്‍ പുരോഹിത് മുത്താലിക്കിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനാണെന്ന് വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക