ബിജെപി പ്രവര്‍ത്തകരുടെ വധഭീഷണിയേ തുടര്‍ന്ന് മംഗലാപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് സംരക്ഷണം തേടി. കര്‍ണ്ണാടകയിലെ പ്രമുഖ ന്യൂസ് ചാനലായ സുവര്‍ണ്ണയുടെ ലേഖകന്‍ സുകേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് വധഭീഷണി. ബിജെപി സ്ഥാനാര്‍ഥി നളിന്‍കുമാര്‍ കാട്ടീലിനെതിരേ വാര്‍ത്ത നല്‍കിയതാണ് ഭീഷണിക്കു കാരണം.
നളിന്‍കുമാര്‍ 2011 ഓഗസ്റ്റ് ഒന്നിനും 2013 ഒക്ടോബറിനുമിടയില്‍ ഒരു സ്ത്രീയെ 3,742 തവണ ഫോണ്‍ വിളിച്ചതായി ആരോപിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി സുധാത്ത് ജെയിന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പും ഫോണ്‍കോളുകളുടെ വിശദാംശങ്ങളടങ്ങിയ സിഡിയും നല്‍കിയിരുന്നു.
ഒട്ടുമിക്ക ചാനലുകളും പത്രങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു സുകേഷിനു നേരിട്ടും ഫേസ്ബുക്ക്, വാട്സ് അപ്പ് എന്നിവ മുഖേനയും ഭീഷണിസന്ദേശങ്ങള്‍ എത്തിയത്. സുകേഷിന് സംരക്ഷണം നല്‍കണം എന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണ്മെന്നും മംഗലാപുരം വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കു നിവേദനം നല്‍കി.