മരുന്നുവില്പന നടത്തി; സ്നാപ് ഡീലിന്റെ ഓഫീസില്‍ റെയ്‌ഡ്

ശനി, 18 ഏപ്രില്‍ 2015 (11:37 IST)
ഓണ്‍ലൈന്‍ കച്ചവടക്കാരായ സ്നാപ്ഡീലിന്റെ ഓഫീസില്‍ മഹാരാഷ്‌ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ റെയ്‌ഡ് നടത്തി. ഓണ്‍ലൈന്‍ ആയി മരുന്നു വില്പന നടത്തിയതിനെ തുടര്‍ന്നാണ് റെയ്‌ഡ്. 
 
ഇതു സംബന്ധിച്ച് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ഹര്‍ഷ്‌ദീപ് കാംബ്ലിക്ക് പരാതി ലഭിച്ചിരുന്നു. ലൈസന്‍സ് ഇല്ലാതെ മരുന്നുവില്പന നടത്തിയെന്ന് ആരോപിച്ച് സ്നാപ് ഡീലിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. അസ്‌ക്കോറില്‍ കഫ് സിറപ്പ്, വിഗോറ ടാബ് ലറ്റ് എന്നില സ്‌നാപ് ഡീല്‍ വില്‍ക്കുന്നെന്നായിരുന്നു പരാതി. 
 
1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ട് ലംഘിച്ചതിനെ തുടര്‍ന്ന് ആയിരുന്നു സ്‌നാപ് ഡീല്‍ ഓഫീസില്‍ റെയ്ഡ് നടത്തിയത്. ലൈസന്‍സ് ഉള്ള മരുന്നുകടകളിലൂടെ മാത്രമേ മരുന്നുകള്‍ വില്‍ക്കാവൂ എന്ന് അനുശാസിക്കുന്ന 65ആം ചട്ടത്തിലെ 18 സി വകുപ്പു പ്രകാരമാണ് നടപടിയെന്ന് എഫ് ഡി ഐ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. 
 
ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മരുന്നു വില്‍ക്കുന്നതും, ഗൗരവകരമായ കുറ്റമായി ചട്ടം 65 ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള മരുന്നു വില്‍പ്പന രോഗികള്‍ക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ലെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു. മരുന്നു വില്‍ക്കുന്നതായുള്ള വിഭാഗം വെബ്‌സൈറ്റില്‍ നിന്ന് മാറ്റാനും സ്നാപ് ഡീലിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക