മഥുര കലാപം: പ്രക്ഷോഭകാരികള്‍ പൊലീസിനെ കാത്തിരുന്നത് സര്‍വ്വസന്നാഹങ്ങളോടുകൂടി; സമര നേതാവും കൊല്ലപ്പെട്ടതായി സൂചന

ശനി, 4 ജൂണ്‍ 2016 (14:36 IST)
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ സ്വാധീന്‍ ഭാരത് വിധിക്ക് സത്യാഗ്രഹ സമരനേതാവായ രാം ബിര്‍ക്ഷ് യാദവ് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തില്‍ മഥുര എസ് പിയും എസ് ഐയുമടക്കം 24 പേരാണ് മരിച്ചത്.
 
രണ്ടു വര്‍ഷം മുന്‍പാണ് 260 ഏക്കറോളം വരുന്ന ജവഹര്‍ ബാഗ് പാര്‍ക്ക് കയ്യേറിയത്. സ്ഥലത്ത് സമാന്തരമായ ഭരണകൂടവും പ്രത്യേക കോടതിയും ഭരണഘടനയും ശിക്ഷനിയമവും പ്രക്ഷോഭകാരികള്‍ കൊണ്ടുവന്നിരുന്നു. നിരവധി ബറ്റാലിയന്‍ സായുധ സേനാംഗങ്ങളും ഇവര്‍ രൂപീകരിച്ചിരുന്നു.
 
സമരഭൂമിലേക്ക് പൊലീസ് കടന്നാല്‍ ക്യാംപുകളില്‍ കഴിയുന്ന താമസക്കാരെ കൂട്ടക്കൊല ചെയ്ത് 
ആക്ഷേപം പോലീസിനു മേല്‍ കെട്ടിവയ്ക്കാനായിരുന്നു രാം ബിര്‍ക്ഷ് യാദവിന്റെ ശ്രമം. ക്യാംപിലെ അംഗങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പാസ് സിസ്റ്റവും ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ പുറത്തുപോയവര്‍ മടങ്ങിവരുംവരെ സെക്യൂരിറ്റിയായി കുടുംബാംഗങ്ങളെ നിര്‍ത്തുകയും ചെയ്തിരുന്നു. അംഗങ്ങളുടെ മുഴുവന്‍ പേരും വിലാസവും ഫോണ്‍ നമ്പറുകളും ചിത്രങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക റെക്കോര്‍ഡുകളും ഇവര്‍ തയ്യാറാക്കിയിരുന്നു.
 
ഹൈക്കോടതി ഉത്തരവിട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് നടപടി തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ പാര്‍ക്കിലെ വൈദ്യൂതി, കുടിവെള്ള വിതരണം റദ്ദാക്കി. പൊലീസിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന ഇവര്‍ തോക്കുകളും ഗ്രനേഡുകളും വാളുകളും കരുതിയിരുന്നു. സ്‌ഫോടനം നടത്താന്‍ 2000 ഓളം പാചക വാതക സിലിണ്ടറുകളും കരുതിവച്ചിരുന്നു. എന്നാല്‍ പൊലീസ് പ്രതീക്ഷിച്ചിരുന്നതിലും വലിയ പ്രതികരണമായിരുന്നു സമരക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായികളായ ഇവര്‍ നേതാജി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിക്കുന്നവരാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക