ബിജെപിയുമായി വേര്‍പിരിഞ്ഞ നിതീഷ്കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. ബിജെപിയുമായുള്ള ബന്ധം ജെഡിയു ഉപേക്ഷിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടുന്നത്. സര്‍ക്കാരിന് കേവല ഭൂരിപക്ഷത്തിന് നാല് എംഎല്‍എമാരുടെ പിന്തുണ കൂടി മതിയാകും.
ആറ് സ്വതന്ത്ര എംഎല്‍എമാരില്‍ നാല് പേര്‍ നിതീഷിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപിയും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും വിശ്വാസപ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരംഗമുള്ള സിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കും. 243 അംഗ നിയമസഭയില്‍ 118 എംഎല്‍എമാരുള്ള ജെഡിയുവിന് കേവല ഭൂരിപക്ഷത്തിന് 4 പേരുടെ കൂടി പിന്തുണയേ ആവശ്യമുള്ളൂ.
കോണ്‍ഗ്രസ് എംഎല്‍എമാരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് നീതീഷ് കുമാറിന്റെ പ്രതീക്ഷ. നരേന്ദ്ര മോഡിയെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയതോടെയാണ് ജെഡിയു ബിജെപിയില്‍ നിന്ന് അകന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് പ്രഖ്യാപിക്കണമെന്ന നിതീഷ് കുമാറിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് ജെഡിയു നേതാവ് ശരത് യാദവ് എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. ജെഡിയു എന്‍ഡിഎ വിടുകയാണെന്നും പ്രഖ്യാപിച്ചു.
ബീഹാറില്‍ ബിജെപി മന്ത്രിമാരെ നിതീഷ് കുമാര്‍ പുറത്താക്കി. വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തു.