ബിഹാറില്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 23 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കീഴടങ്ങി. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന, ധര്‍മ്മസതി പ്രൈമറി സ്കൂളിലെ പ്രിന്‍സിപ്പല്‍ മീനാ ദേവിയാണ് കീഴടങ്ങിയത്.
കീഴടങ്ങിയില്ലെങ്കില്‍ വസ്തുവകകള്‍ കണ്ടു കെട്ടുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മീനാദേവിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു.ഭക്ഷണം പാകം ചെയ്യാനുള്ള എണ്ണയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നെന്ന് പാചകക്കാരി അറിയിച്ചിട്ടും അത് ഉപയോഗിച്ച് പാചകം നടത്താന്‍ മീനാ ദേവി നിര്‍ദ്ദേശിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നുമാണ് എണ്ണയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.