ബിജെപി ഉറച്ചുതന്നെ, നേതാക്കളെ വിട്ടയച്ചു

ബുധന്‍, 26 ജനുവരി 2011 (13:31 IST)
PTI
ഏകതായാത്രയ്ക്ക് എത്തി കഴിഞ്ഞ ദിവസം ജമ്മുവില്‍ അറസ്റ്റിലായ ബിജെപി നേതാക്കളെ വിട്ടയച്ചു. സംസ്ഥാനത്തെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ച ശേഷമാണ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരടക്കമുള്ള നേതാക്കളെ വിട്ടയച്ചത്. ലാല്‍ചൌക്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മോചിതരായ നേതാക്കള്‍ വ്യക്തമാക്കി.

ഇതിനിടെ, ലാല്‍ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച ഒരു ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയാണ് അറസ്റ്റിലായത്. ശ്രീനഗറില്‍ ഒരു ഹോട്ടലിനു സമീപത്തു നിന്ന് സംശയാസ്പദമായ രീതിയില്‍ കണ്ട ആറ് ബിജെപി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരും അന്യസംസ്ഥാനക്കാരാണ്.

ലാല്‍ചൌക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിന് യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദികളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലാല്‍ ചൌക്കിലേക്ക് പ്രവേശിക്കാന്‍ പൊലീസ് ആരെയും അനുവദിക്കുന്നില്ല. ലാല്‍ ചൌക്കിലും പരിസരത്തും കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക