ബാങ്ക് അക്കൗണ്ടിലെ പണം പോസ്റ്റ് ഓഫീസു വഴി പിൻവലിക്കാം

ഞായര്‍, 6 മാര്‍ച്ച് 2016 (18:44 IST)
ബാങ്ക് അക്കൗണ്ടുകളിലെ പണം ഉപഭോക്താക്കൾക്ക് ഇനിമുതൽ പോസ്റ്റ് ഓഫിസുകളിലെ എ ടി എമ്മുകള്‍ വഴിയും പിൻവലിക്കാനാകും. ഇതര ബാങ്കുകളുമായി എ ടി എം പങ്കിടുന്നതിനായി തപാൽ വകുപ്പ് റിസർവ് ബാങ്കിന്റെ അനുമതി തേടിയ സാഹചര്യത്തിലാണിത്.
 
കൂടാതെ ഇന്ത്യ പോസ്റ്റ് കോര്‍ ബാങ്കിങ് സൊല്യൂഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ പോസ്റ്റ് ഓഫീസുകളുടേയും ഒരു നെറ്റ് വര്‍ക്കിംഗ് ആണിത്. ഇത് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും മറ്റുളള അനുബന്ധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുവാനും സഹായിക്കും.
 
അടുത്ത മൂന്ന് വർഷം കൊണ്ട് പോസ്റ്റ് ഓഫീസുകളിൽ എ ടി എമ്മുകളും മൈക്രോ എ ടി എമ്മുകളും വ്യാപകമാക്കണമെന്ന് കഴിഞ്ഞ ബജറ്റ് അവതരണത്തിൽ നിർദ്ദേശിച്ചിരുന്നു.
ഫെബ്രുവരിയിൽ മാത്രമായി 1,26,181 എ ടി എം ഡെബിറ്റ് കാർഡുകളാണ് ഇന്ത്യ പോസ്റ്റ് അക്കൗണ്ട് ഉടമകള്‍ക്ക് വിതരണം ചെയ്തത്.
 
നിലവിൽ രാജ്യത്ത് 600 ഇന്ത്യ പോസ്റ്റ് എ ടി എമ്മുകളാണ് ഉള്ളത്. ക്രമേണ മാർച്ചിൽ 1000 മായി ഉയർത്തുവാനും ഏതാനും വർഷം കൊണ്ട് അത് 10000 ആയി മാറ്റുവാനുമാണ് ലക്ഷ്യം. രാജ്യത്തുള്ള 1,55,000 പോസ്റ്റ് ഓഫീസുകളിൽ എ ടി എം തുടങ്ങാനാണ് പദ്ധതി. ഇതില്‍ 1,30,000 വും ഗ്രാമീണ മേഖലയില്‍ ആണ് എന്നത് സാധാരണക്കാര്‍ക്ക് സഹായകരമാകും.
 
 
 

വെബ്ദുനിയ വായിക്കുക