വിവാദസ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയ കര്‍ണാടക പൊലീസിന് നിത്യാനന്ദയുടെ സ്വകാര്യ മുറിയില്‍ നിന്ന് ട്രെഡ്‌മില്ലും ഡംബ്‌ബെല്‍സും അടക്കം ആധുനിക വ്യായാമ സാമഗ്രികള്‍ ലഭിച്ചു. യോഗ പഠിച്ചാല്‍ ആരോഗ്യം കാത്തുസൂക്ഷിക്കാം എന്ന് പ്രസംഗിക്കുന്ന നിത്യാനന്ദ നിത്യവും ആധുനിക വ്യായാമമുറകള്‍ പരിശീലിക്കുന്നുണ്ടായിരുന്നു എന്നാണ് സൂചന.
പത്രസമ്മേളനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ബുധനാഴ്ച അറസ്റ്റിലായ നിത്യാനന്ദയ്ക്ക് വ്യാഴാഴ്ച തന്നെ ജാമ്യം ലഭിച്ചുവെങ്കിലും മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിവാദസ്വാമിയിപ്പോള്‍.
അത്യാഡംബരങ്ങളോടെയാണ് ബിഡദിയിലെ ആശ്രമത്തില്‍ നിത്യാനന്ദ കഴിഞ്ഞിരുന്നത് എന്നാണ് അറിയുന്നത്. വലിയ എല്‍സിഡി ടിവി, എയര്‍ കണ്ടീഷണര്‍, ഡബിള്‍ കട്ടില്‍ എന്നിവയൊക്കെയാണ് മുറിയില്‍ ഉണ്ടായിരുന്നത്. മുറിയില്‍ ഒട്ടേറെ പ്രൈവറ്റ് ലോക്കറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലതില്‍ നിന്ന് ആഭരണങ്ങള്‍ ലഭിച്ചു. എന്നാല്‍ ബാക്കിയുള്ളവയൊക്കെ തുറന്ന നിലയിലാണുള്ളത്.
നിത്യാനന്ദയുടെ മറ്റൊരു മുറിയില്‍ ഒരു ചെറിയ ഡിസ്പെന്‍സറി തന്നെ പ്രവര്‍ത്തിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ലഭിച്ച മരുന്നുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഇതിനിടെ, കള്ളസ്വാമിയായ നിത്യാനന്ദയെ കര്‍ണാടകത്തില്‍ കാലുകുത്താന്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ ഒട്ടേറെ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്. തമിഴ്നാട്ടിലും ഹിന്ദു മക്കള്‍ കക്ഷി തുടങ്ങിയ ഹൈന്ദവ സംഘടനകള്‍ നിത്യാനന്ദയ്ക്കെതിരെ പ്രകടനം നടത്തുകയുണ്ടായി.