പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്നു തുടക്കം; മോദി–ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച

ശനി, 24 ജൂണ്‍ 2017 (08:09 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്നു തുടക്കം. പോർച്ചുഗലിലേക്കാണ് അദ്ദേഹം ഇന്ന് യാത്രതിരിക്കുന്നത്. നാളെയും മറ്റന്നാളും അമേരിക്കയില്‍ ചിലവഴിക്കുന്ന പ്രധാനമന്ത്രി മറ്റന്നാളാണ് വൈറ്റ്ഹൗസിൽ വെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ചചെയ്യുക. 27നായിരിക്കും അദ്ദേഹം നെതർലൻഡ്സിലെത്തുക. 
 
കഴിഞ്ഞ നവംബറിൽ പ്രസിഡന്റായി സ്ഥാനമേറ്റശേഷം മൂന്നുതവണയാണ് ട്രംപ് മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ മോദിയെ അഭിനന്ദിക്കുന്നതിനായിരുന്നു ട്രം‌പ് ഏറ്റവുമൊടുവിൽ മോദിയെ വിളിച്ചത്. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് അന്തിമരൂപം നൽകാനായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായി ചർച്ച നടത്തുമെന്നാണ് വിവരം. 
 
മോദി ഗവൺമെന്റിന്റെ യുഎസ് ബന്ധം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് ജയശങ്കര്‍. നേരത്തേ യുഎസിലെ ഇന്ത്യൻ അംബാസഡറായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യുഎസ് ശ്രമിക്കുകയാണെന്നും ഒട്ടേറെ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും പരസ്പര സഹകരണം നിലവിലുണ്ടെന്നും യുഎസ് വിദേശകാര്യവക്താവ് ഹീതർ നോററ്റ് പ്രതിദിന പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക