പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ബൈപാസ് പുന:ശസ്ത്രക്രിയയ്ക്ക് ശേഷം ഡോ. രമാകാന്ത് പാണ്ഡ മാധ്യമങ്ങളെ അറിയിച്ചു. പ്രധാനമന്ത്രിക്ക് ബോധം വീണെന്നും വളരെ വേഗം ആരോഗ്യം വീണ്ടെടുക്കുന്നു എന്നും രമാകാന്ത് ശനിയാഴ്ച വൈകിട്ട് വെളിപ്പെടുത്തി.
സിംഗിന് മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടി വരും. തുടര്‍ന്ന്, കുറഞ്ഞത് നാല് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ കഴിയേണ്ടതുണ്ട്. ബൈപാസ് പുന:ശസ്ത്രക്രിയയായതുകൊണ്ടാണ് സമയം കൂടുതല്‍ എടുത്തത്. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. ഡോക്ടര്‍മാര്‍ ഹൃദയധമനിയിലെ അഞ്ച് തടസ്സങ്ങളാണ് നീക്കിയതെന്നും രമാകാന്ത് പാണ്ഡ പറഞ്ഞു.
ശനിയാഴ്ച രാവിലെ 6:40 ന് ആണ് പ്രധാനമന്ത്രിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുവന്നത്. 8.45 ന് ശസ്ത്രക്രിയ ആരംഭിച്ചു. വൈകിട്ട് 8:55 ന് ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
രണ്ടാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് ഓഫീസ് കാര്യങ്ങളില്‍ ഭാഗികമായി ഇടപെടാനാവും. നാലാഴ്ചയ്ക്കുള്ളില്‍ പഴയ ആരോഗ്യം ഏകദേശം വീണ്ടെടുക്കും. ആറാഴ്ചയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായി ജോലികളിലേക്ക് തിരികെ പ്രവേശിക്കാനാവുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മുംബൈ ഹാര്‍ട്ട് ഫൌണ്ടേഷനിലെ ഡോക്ടര്‍മാരും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും സംയുക്തമായാണ് പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ നടത്തിയത്. മുംബൈ ഹാര്‍ട്ട് ഫൌണ്ടേഷനില്‍ നിന്നുള്ള വിദഗ്ധനായ രമാകാന്ത് പാണ്ഡയാണ് ബൈപാസ് പുന:ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.