പൊലീസ് സംരക്ഷണം വേണ്ട: ഡല്‍ഹി പെണ്‍കുട്ടിയുടെ സുഹൃത്ത്
ചൊവ്വ, 15 ജനുവരി 2013 (11:30 IST)
PTI
ഡല്‍ഹിയില്‍ ബസില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്ത പെണ്‍കുട്ടിയുടെ സുഹൃത്ത് തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് അറിയിച്ചു. ഇയാള്‍ക്ക് സംരക്ഷണം നല്‍കാമെന്ന് ഡല്‍ഹി പൊലീസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സംരക്ഷണം വേണ്ടെന്നാണ് ഇയാള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
മകന് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് യുവാവിന്‍റെ പിതാവും അറിയിച്ചിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ സുരക്ഷ നല്‍കാമെന്നായിരുന്നു ഡല്‍ഹി പൊലീസ് വാഗ്ദാനം ചെയ്തിരുന്നത്.
അതേസമയം, മകളുടെ സുഹൃത്ത് വിചാരിച്ചിരുന്നെങ്കില്‍ അവളെ രക്ഷിക്കാമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടു. ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പിതാവ് മകളുടെ സുഹൃത്തിനെതിരേ രംഗത്തെത്തിയത്.
സുഹൃത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്ത് ധീരതയാണ് അയാള്‍ കാട്ടിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ചോദിക്കുന്നു. ബസില്‍ വച്ച് ഇയാള്‍ സഹായത്തിനായി ഉറക്കെ വിളിച്ചിരുന്നെങ്കിലോ ബസിന്‍റെ സൈഡ് ഗ്ലാസുകള്‍ തുറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലോ തന്‍റെ മകള്‍ ഒരുപക്ഷേ, ഇന്ന് ജീവനോടെ ഇരുന്നേനെ എന്നും പിതാവ് പറയുന്നു.
“എന്‍റെ മകളാണ് യഥാര്‍ഥത്തില്‍ ആ കഴുകന്‍മാരോട് പോരാടിയത്. അവള്‍ക്കാണ് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കേണ്ടത്” - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ കുടുംബത്തെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശിച്ച് ഇവര്‍ക്കുള്ള ധനസഹായമായ 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു.