രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണത്തെ കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്ന് പ്രധാനമന്ത്രി. പരീക്ഷണം വിജയകരമായിരുന്നു എന്ന കലാമിന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മന്മോഹന്‍ സിംഗ് ഇക്കാര്യം പറഞ്ഞത്.
ആണവ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു എന്ന് ഡോ. കലാം വ്യക്തമാക്കിയിട്ടുണ്ട്. ഇതെ കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്, പരീക്ഷണങ്ങള്‍ പരാജയമായിരുന്നു എന്ന് ഡിആര്‍ഡിഒയിലെ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷം സിംഗ് ഇക്കാര്യത്തെ കുറിച്ചു പ്രതികരിച്ചു.
1998 ലെ ആണവ പരീക്ഷണത്തിന്റെ ‘ഗ്രൌണ്ട് പ്രിപ്പറേഷന്‍’ ഡയറക്ടറായിരുന്നു വിവാദ പ്രസ്താവന നടത്തിയ സന്താനം. പരീക്ഷണം ഉദ്ദേശിച്ചത്ര വിജയമായിരുന്നില്ല എന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, പരീക്ഷണത്തിന്റെ ഓപ്പറേഷന്‍ ഇന്‍ചാര്‍ജ്ജ് ആയിരുന്ന ഡോ.അബ്ദുള്‍ ജെ കലാം ഇത് നിഷേധിച്ചിരുന്നു.
പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആണുപരീക്ഷണം പരിപൂര്‍ണ വിജയമായിരുന്നു എന്നാണ് അബ്ദുള്‍ കലാം അവകാശപ്പെട്ടത്. പരീക്ഷണ വിജയത്തില്‍ യാതൊരു അവ്യക്തതയുമില്ല എന്നും കലാം പറഞ്ഞിരുന്നു. ആണവോര്‍ജ്ജ കമ്മീഷന്‍ തലവന്‍ അനില്‍ കാകോദ്കറും പൊഖ്‌റാന്‍ ആണവ പരീക്ഷണം 100 ശതമാനം വിജയമായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആണവപരീക്ഷണത്തിന്റെ വിജയത്തെ കുറിച്ച് ശാസ്ത്രജ്ഞരുടെ അവകാശവാദത്തെ അവിശ്വസിക്കേണ്ടതില്ല എന്ന് നാവികസേന മേധാവി സുരീഷ് മേത്ത അഭിപ്രായപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രാലയവും പ്രധാനമന്ത്രിയുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്രയും പൊഖ്‌റാന്‍-2 വിജയമായിരുന്നു എന്ന് പറഞ്ഞിരുന്നു.