പൂനെ സ്ഫോടനം; അഭിനവ് ഭാരതിന് പങ്ക്?

ബുധന്‍, 24 ഫെബ്രുവരി 2010 (13:15 IST)
PRO
PRO
പതിനാറ്‌ പേര്‍ കൊല്ലപ്പെട്ട പൂനെ സ്ഫോടനക്കേസില്‍ അഭിനവ് ഭാരത് ഉള്‍പ്പെടെയുള്ള ചില ഹിന്ദുസംഘടനകളുടെ പങ്ക് അന്വേഷിക്കാന്‍ മഹാരാഷ്‌ട്ര പൊലീസ് ഒരുങ്ങുന്നതായി സൂചന. പൂനെ സ്ഫോടനം നടന്നയുടന്‍ അഭിനവ് ഭാരതാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിയാന്‍ ഒരുങ്ങുകയാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന് കീഴിലുള്ള ഭീകരവിരുദ്ധ സ്ക്വാഡായ എ‌ടി‌എസ് എന്ന് സ്ഥിരീകരിക്കാനാത്ത വാര്‍ത്തയുണ്ട്.

ഗോപാല്‍ ഗോഡ്സെയുടെ മകള്‍ ഹിമാനി സവര്‍ക്കറാണ് അഭിനവ് ഭാരതിന്‍റെ നേതാവ്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ സഹോദരനാണു ഗോപാല്‍ ഗോഡ്സെ. ഹിന്ദു തീവ്രവാദം പ്രചരിപ്പിക്കുകയാണ് അഭിനവ് ഭാരത് ചെയ്യുന്നതെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ട്.

എന്നാല്‍ പൂനെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസ് അന്വേഷിക്കുന്നതിലെ പരാജയം മറച്ചുവയ്ക്കാനാണു സര്‍ക്കാര്‍ ഈ ആരോപണമുന്നയിക്കുന്നതെന്ന് ഹിമാനി സവര്‍ക്കര്‍ പറഞ്ഞു.

“വേണമെങ്കില്‍ പാക്കിസ്ഥാനെ ഇല്ലാതാക്കാനുള്ള ശേഷിയുണ്ട് അഭിനവ് ഭാരതിന്. പക്ഷേ, ഞങ്ങള്‍ക്ക് അത്തരം പ്രവൃത്തികളോടു താത്പര്യമില്ല. പൂനെ സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്കു രക്തം നല്‍കാന്‍ മുന്നിലുണ്ടായിരുന്നത് അഭിനവ് ഭാരത് പ്രവര്‍ത്തകരാണെന്ന കാര്യം മറക്കരുത്” - ഹിമാനി പറഞ്ഞു.

ഇതിനിടെ, പൂനെ സ്ഫോടനവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര എടിഎസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്. അതിനാല്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പൂനെ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഷ്കര്‍-ഇ-തൊയ്ബ ഭീകര സംഘടനയില്‍ നിന്ന് പിരിഞ്ഞ ലഷ്കര്‍-ഇ-തൊയ്ബ അല്‍ അലാമി പൂനെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ‘ഹിന്ദു’ ദിനപത്രത്തിന്റെ ഇസ്ലാമബാദ് ലേഖികയ്ക്കാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിച്ചത്. ഇത് വിശ്വാസ്യയോഗ്യമാണോ എന്ന് ഇപ്പോഴും അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക