പാകിസ്ഥാനെ വിശ്വസിക്കാമെന്ന് ഇന്ത്യ

ചൊവ്വ, 12 ജനുവരി 2016 (20:22 IST)
പത്താന്‍‌കോട്ട് സൈനികതാവളം ഭീകരര്‍ ആക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാമെന്ന പാകിസ്ഥാന്‍റെ അറിയിപ്പിനെ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യ. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം പറഞ്ഞത്. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ടെന്നും അതിനായി കാത്തിക്കാമെന്നുമാണ് രാജ്നാഥ് സിംഗ് പറഞ്ഞിരിക്കുന്നത്.
 
ആക്രമണത്തിനുപിന്നില്‍ ജെയ്ഷെ മുഹമ്മദാണെന്നതിന്‍റെ തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നെ ഉറപ്പുകൊടുക്കുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ചില അറസ്റ്റുകളുമുണ്ടായി.
 
ഈ സാഹചര്യത്തിലാണ് നടപടിയെടുക്കുമെന്ന പാകിസ്ഥാന്‍റെ നിലപാടിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
ഭീകരരുടെ ശബ്ദരേഖ ഉള്‍പ്പടെ കൂടുതല്‍ തെളിവുകള്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാനുള്ള സാഹചര്യം ഉരുത്തിരിയുന്നതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക