പവന്‍കുമാര്‍ ബന്‍സാല്‍ രാജിവെച്ചു

വെള്ളി, 10 മെയ് 2013 (18:53 IST)
PRO
PRO
റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ രാജിവെച്ചു. രാജിക്കത്ത് ബന്‍സാല്‍ പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബന്‍സലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിലാണ് ബന്‍സാലിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. റെയില്‍വേ ബോര്‍ഡില്‍ ഉദ്യോഗസ്ഥാനക്കയറ്റത്തിനായി അനന്തരവന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് രാജി. നിലവിലെ തൊഴില്‍ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ റെയില്വേ മന്ത്രിയായേക്കുമെന്നാണ് അനൌദ്യോഗിക വിവരം.

അഴിമതി ആരോപണവിധേയരായ മന്ത്രിമാര്‍ തുടരേണ്ടതില്ലെന്ന് സോണിയാഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. 2012 ഒക്ടോബര്‍ 28നാണ് ബന്‍സാല്‍ റെയില്‍വെ മന്ത്രിയായി ചുമതലയേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് റെയില്‍വെ വകുപ്പ് ഏറ്റെടുത്ത കോണ്‍ഗ്രസ് വകുപ്പ് ചുമതല ബന്‍സാലിന് നല്‍കുകയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിലും രണ്ടാം യുപിഎ സര്‍ക്കാരിലും ഇദ്ദേഹം പാര്‍ലമെന്‍ററി, ജലവിഭവം, സയന്‍സ് ആന്‍റ് ടെക്നോളജി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

റെയില്‍വേ കൈക്കൂലി കേസില്‍ കൂടുതല്‍ തെളിവുകള്‍ക്കായി മന്ത്രിയുടെ പിഎ രാഹുല്‍ ഭണ്ഡാരിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ റെയില്‍വെ ബോര്‍ഡംഗം മഹേഷ് കുമാര്‍ മന്ത്രിയുടെ അനന്തരവന്‍ വിജയ് സിംഗ്ലയ്‌ക്കൊപ്പം രാഹുല്‍ ഭണ്ഡാരിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ സിബിഐയ്ക്ക് ലഭിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു പലപ്പോഴും കൂടിക്കാഴ്ച. കേസില്‍ ബന്‍സാലിന്റെ പങ്കിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തിയതിനുശേഷം മന്ത്രിയെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം.

റെയില്‍വെ ബോര്‍ഡംഗമായ മഹേഷ് കുമാറില്‍നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മന്ത്രിയുടെ അനന്തരവനായ വിജയ് സിംഗ്ലയെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. പത്ത് കോടി രൂപയായിരുന്നു വിജയ് സിംഗ്ല മഹേഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നത്. ഒടുവില്‍ ഇടനിലക്കാരന്‍ വഴി രണ്ടു കോടി രൂപയാക്കുകയായിരുന്നു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നതിനു വേണ്ടിയാണ് മഹേഷ് സിംഗ്ലയ്ക്ക് കൈക്കൂലി നല്‍കിയത്. കേസില്‍ വിജയ് സിംഗ്ലയുടെ കൂട്ടാളി അജയ് ഗാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക