ക്രിക്കറ്റ് താരങ്ങളായ യൂസുഫ് പഠാന്റെയും ഇര്‍ഫാന്‍ പഠാന്റെയും കുടുംബത്തിനെതിരെ പരാതിയുമായി ഒരു വനിത രംഗത്ത്. പഠാന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കടയില്‍ നിന്ന് ബലമായി ഒഴിപ്പിച്ചു എന്നതാണ് പരാതി.
പഠാന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്ന തന്നെ ഗുണ്ടകളെ ഉപയോഗിച്ച് ബലമായി ഒഴിപ്പിക്കുകയായിരുന്നു എന്ന് കല്‍പ്പന റോചാനി എന്ന പരാതിക്കാരി പറയുന്നു.
2006 ല്‍ ആറ് വര്‍ഷ കാലാവധിക്കാണ് താന്‍ കട വാടകയ്ക്ക് എടുത്തത്. എന്നാല്‍, ഉടന്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഠാന്‍ കുടുംബം തന്നെ ഭീഷണിപ്പെടുത്തി. ഗുണ്ടകളെ ഉപയോഗിച്ച് ജൂണ്‍ എഴിന് കട ബലമായി ഒഴിപ്പിച്ചു. കടയില്‍ ഉണ്ടായിരുന്ന 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ തനിക്ക് നഷ്ടമായി എന്നും പരാതിക്കാരി പറയുന്നു.
കട ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് താന്‍ കോടതിയെ സമീപിച്ചിരുന്നു എന്നും ജനുവരിയില്‍ തനിക്ക് അനുകൂലമായ വിധി വന്നിരുന്നു എന്നും ഇവര്‍ പറയുന്നു. എന്നാല്‍, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് പഠാന്‍ കുടുംബത്തിന്റെ നിലപാട്.
പലതവണ പൊലീസിനെ സമീപിച്ചു എങ്കിലും പഠാന്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനോ ഗുണ്ടകളെ കസ്റ്റഡിയില്‍ സൂക്ഷിക്കാനോ പൊലീസ് കമ്മീഷണര്‍ തയ്യാറായില്ല എന്നും കല്‍പ്പന കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ പഠാന്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി ആവശ്യപ്പെട്ടിരിക്കുകയാണ്.