നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി മാജിക്ക് ഫലം കണ്ടില്ല; ജയക്കും മമതക്കും ഇടതിനും മുന്നില്‍ ബി ജെ പി പരാജയപ്പെട്ടു: ശിവസേന

വെള്ളി, 20 മെയ് 2016 (15:09 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി മാജിക് വേണ്ട വിധത്തില്‍ ഫലം ചെയ്തില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലൊന്നും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെ ശിവസേന വിമര്‍ശിച്ചു. 
 
അസമില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയ ബി ജെ പിക്ക് ജയലളിതയ്ക്ക് മുന്നിലും കേരളത്തില്‍ ഇടത് മുന്നണിയ്ക്ക് മുന്നിലും മുട്ടുമടക്കേണ്ടി വന്നു.  പ്രാദേശിക പാര്‍ട്ടികളെ തോല്‍പ്പിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ലെന്ന സത്യം അംഗീകരിക്കാന്‍ ഇനിയെങ്കിലും നേതൃത്വം മനസ്സിലാക്കണമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ബീഹാറിലേറ്റ കനത്ത തിരിച്ചടിയില്‍ ചെറിയൊരു ആശ്വാസമേകാന്‍ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം കഴിഞ്ഞിട്ടുള്ളൂവെന്നും എവിടെയെങ്കിലും അക്കൗണ്ട് തുറന്നാല്‍ മാത്രം പോരെന്നും ലേഖനത്തില്‍ പറയുന്നു. 
 
ബംഗാളില്‍ അഴിമതിയും ഭീകരതയും ഗുണ്ടായിസവും വര്‍ദ്ധിക്കുകയാണ്. മമത മുക്ത ബംഗാളായിരുന്നു വേണ്ടിയിരുന്നത്. മമത മുക്ത ബംഗാളാണ് വേണ്ടത്.  അക്കൗണ്ട് തുറക്കാനായി എന്നത് മാത്രമാണ് കേരളത്തില്‍ ബി ജെ പിക്കുള്ള അച്ഛ ദിന്‍ എന്നും സാമ്‌നയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക