ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അപ്രതീക്ഷിതമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ലാഹോര്‍ വിമാനത്താവളത്തില്‍ മോഡിയെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വീകരിച്ചു. ഷെരീഫിന്‍റെ വസതിയില്‍ വച്ചാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ഈ സന്ദര്‍ശനം നരേന്ദ്രമോഡിയുടെ തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നു എന്നാണ് അറിയുന്നത്. നവാഷ് ഷെരീഫിന്‍റെ ജന്‍മദിനത്തില്‍ നേരിട്ടെത്തി അദ്ദേഹത്തെ ആശംസകള്‍ അറിയിക്കാന്‍ മോഡി തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്നതിനിടെ താന്‍ പാകിസ്ഥാനിലേക്ക് പോകുന്നു എന്ന് ട്വിറ്ററിലൂടെയാണ് നരേന്ദ്രമോഡി ലോകത്തെ അറിയിച്ചത്. മുന്നറിയിപ്പില്ലാതെ ഇത്തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പെട്ടെന്നൊരു പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശനങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ലോകമെങ്ങുനിന്നും ഉയരുന്നത്.
എന്നാല്‍ മോഡിയുടെ പെട്ടെന്നുള്ള പാകിസ്ഥാന്‍ സന്ദര്‍ശനത്തെ എതിര്‍ത്ത് കോണ്‍ഗ്രസും ശിവസേനയും രംഗത്തെത്തി. രാജ്യത്തെ വിശ്വാസത്തിലെടുക്കാത്ത സന്ദര്‍ശനമാണിതെന്നും മോഡിയുടെ ഇത്തരം സാഹസികതകള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം വരാന്‍ വേണ്ടിയാണ് ഈ സന്ദര്‍ശനമെന്ന് ശിവസേനയും പ്രതികരിച്ചു.