ദയാഹര്‍ജികളില്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷ റദ്ദാക്കാമെന്ന് സുപ്രീംകോടതി
ചൊവ്വ, 21 ജനുവരി 2014 (12:08 IST)
PRO
PRO
വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷ റദ്ദാക്കാമെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. വിധി പുറപ്പെടുവിച്ചതിന് പിന്നാലെ വീരപ്പന്റെ കൂട്ടാളികള്‍ ഉള്‍പ്പെടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 പേരുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കും വിധി ബാധകമാകും എന്നാണ് വിവരം.
ദയാഹര്‍ജി തള്ളിയാല്‍ വധശിക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണം എന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നുണ്ട്. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുറ്റവാളികള്‍ക്ക് ബന്ധുക്കളെ കാണാന്‍ അവസരം ഒരുക്കണം എന്നും കോടതി വ്യക്തമാക്കി. മാനസിക വൈകല്യമുള്ള കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ഏകാന്ത തടവ് ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. കുറ്റംചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസഹായത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.