തമിഴ്‌നാട്ടില്‍ 28 മന്ത്രിമാര്‍, പതിമൂന്ന് പേര്‍ പുതുമുഖങ്ങള്‍; ധനവകുപ്പും ഭരണ നവീകരണ വകുപ്പും പനീര്‍ ശെല്‍വത്തിന്

ഞായര്‍, 22 മെയ് 2016 (11:20 IST)
പതിമൂന്ന് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി തമിഴ്‌നാട്ടില്‍ ജയലളിത 28 മന്ത്രിമാരെ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. കഴിഞ്ഞ ദിവസം എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിത സമര്‍പ്പിച്ച മന്ത്രിമാരുടെ പട്ടികയ്ക്ക് ഗവര്‍ണര്‍ റോസയ്യ അനുമതി നല്‍കുകയായിരുന്നു. 
 
മുഖ്യമന്ത്രി പദവി കൂടാതെ ജയലളിത പൊതുഭരണം, പൊലീസ് വകുപ്പുകള്‍, ആഭ്യന്തരം എന്നിവ കൈകാര്യംചെയ്യും. ജയലളിതയുടെ ഏറ്റവും വിശ്വസ്തനായ ഒ പനീര്‍ശെല്‍വത്തിനാണ് ധനവകുപ്പും ഭരണ നവീകരണ വകുപ്പും നല്‍കിയിരിക്കുന്നത്. മുന്‍ എം പി ദിണ്ടിക്കല്‍ എസ് ശ്രീനിവാസനാണ് വനംവകുപ്പിന്റെ ചുമതല. സിറ്റിങ് മന്ത്രിമാരായിരുന്ന പലര്‍ക്കും ഇത്തവണയും മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. 
 
ജയലളിത ഉള്‍പ്പെടെ നാലു വനിതകളാണ് മന്ത്രിസഭയിലുള്ളത്. മറ്റു മൂന്നുപേരും ഡോക്ടര്‍മാരാണ്. ചെന്നൈ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറായിരുന്ന പി ബെഞ്ചമിന് സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളും മുന്‍ സ്പീക്കര്‍ കൂടിയായ ഡി ജയകുമാറിന് ഫിഷറീസ് വകുപ്പും നല്‍കിയിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക