തമിഴ്നാടിന് തിരിച്ചടി; പ്രതികളെ മോചിപ്പിക്കാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു
വ്യാഴം, 20 ഫെബ്രുവരി 2014 (13:06 IST)
PRO
PRO
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പ്രതികളെ മോചിപ്പിക്കാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അല്ലാതെ പ്രതികളെ വിട്ടയക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
പ്രതികളെ മോചിപ്പിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ അത് ചെയ്യാന്‍ സാധിക്കില്ല. തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാടിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി. ഹര്‍ജി മാര്‍ച്ച് ആറിന് കോടതി വീണ്ടും പരിഗണിക്കും.
രാജീവ് ഗാന്ധി വധക്കേസ് കേന്ദ്രഏജന്‍സിയായ സിബിഐ ആണ് അന്വേഷിച്ചത്. അതിനാല്‍ കേന്ദ്രാനുമതിയോടുകൂടി മാത്രമേ പ്രതികളെ വിടാന്‍ സാധിക്കൂ എന്നാണ് കേന്ദ്രം കോടതിയില്‍ വാദിച്ചു.
രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ മോചിപ്പിക്കാനാണ് ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. ബുധനാഴ്ച ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രതികളെ വിട്ടയക്കാനുള്ള ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മൂന്ന് ദിവസത്തിനകം അറിയിക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.