തന്നെ ജയിലിലടയ്ക്കാന്‍ ശ്രമം: മുലായം

വെള്ളി, 27 ഫെബ്രുവരി 2009 (13:29 IST)
ഇട്ടാവ: ഇടതുപക്ഷം പിന്തുണ പിന്‍‌വലിച്ചപ്പോള്‍ സഹായഹസ്തം നീട്ടിയ തന്നെ ജയിലിലടയ്ക്കാനാണ് യു പി എ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ്.

ഇന്ത്യ - അമേരിക്ക ആണവകരാര്‍ പ്രശ്നത്തില്‍ പ്രതിസന്ധിയിലായ യു പി എയെ രക്ഷിച്ച തന്നെ സി ബി ഐയെ ഉപയോഗിച്ച് ജയിലിലടയ്ക്കാനാണ് യു പി എ ശ്രമിക്കുന്നതെന്നും മുലായം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുലായം യു പി എക്കെതിരെ ആഞ്ഞടിച്ചത്.

തന്നെ ജയിലിലടയ്ക്കാനായി സി ബി ഐ വ്യാജരേഖകള്‍ ചമയ്ക്കുകയാണ്. മറ്റുള്ളവരുടെ പേരിലുള്ള സ്വത്ത് തന്‍റെ പേരിലെഴുതി ചേര്‍ത്തത് കണ്ടു പിടിച്ചത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗാണ് - മുലായം വ്യക്തമാക്കി.

യു പി എ സര്‍ക്കാരിന്‍റെ വിദേശനയത്തെയും മുലായം വിമര്‍ശിച്ചു. സര്‍ക്കാരിന്‍റെ തെറ്റായ വിദേശനയം മൂലം അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കര്‍ഷകര്‍ക്കായി യു പി എ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മുലായം കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക