ഡി‌എംകെ കാത്തിരിക്കും, ഒരു ദിവസം കൂടി

തിങ്കള്‍, 7 മാര്‍ച്ച് 2011 (18:49 IST)
PRO
PRO
രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറുന്നതിന് ഡി‌എംകെ മന്ത്രിമാര്‍ ഒരു ദിവസം കൂടി കാത്തിരിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ പറഞ്ഞു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി വൈകിക്കുന്നത് എന്നും സ്റ്റാലിന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ‘ട്രബിള്‍ ഷൂട്ടര്‍’ എന്ന് അറിയപ്പെടുന്ന പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഡി‌എംകെ നിലപാട് അയയുന്നത് എന്നാണ് സൂചന. പ്രണാബ് തിങ്കളാഴ്ച എം കരുണാനിധിയുമായി ടെലഫോണ്‍ സംഭാഷണം നടത്തുകയും മന്ത്രിമാരുടെ രാജി തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് മന്ത്രിമാരുടെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കുമെന്നായിരുന്നു ഡി‌എംകെ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള അനുവാദം മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്നില്ല. മന്ത്രിമാര്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയതുമില്ല.

പ്രണാബ് മുഖര്‍ജി ഡി‌എംകെ മന്ത്രി ദയാനിധി മാരനുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. മാരനുമായുള്ള ചര്‍ച്ചയില്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം പ്രണാബ് മന്‍‌മോഹന്‍ സിംഗിനെയും ആഭ്യന്തര മന്ത്രി ചിദംബരത്തെയും സന്ദര്‍ശിച്ചിരുന്നു.

63 സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസും അത്രയും നല്‍കാനാവില്ല എന്ന നിലപാടില്‍ നിന്ന് ഡി‌എംകെയും പിന്നോട്ട് പോയിട്ടില്ല എന്നാണ് സൂചന. അതേസമയം, തമിഴ്നാട്ടിലെ ഭരണ പക്ഷത്തുള്ള പി‌എംകെ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക