ഡല്‍ഹി കൂട്ടബലാത്സംഗം: ശിക്ഷാവിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (15:28 IST)
PRO
PRO
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേസില്‍ വാദം പൂര്‍ത്തിയായി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രായവും പ്രതികളുടെ മാതാപിതാക്കളുടെ ആരോഗ്യനിലയും കണക്കിലെടുത്ത് പ്രതികള്‍ക്ക് ജീവപര്യന്തം മാത്രം നല്‍കിയാല്‍ മതിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ ഇങ്ങനെ വാദിച്ചത്. അതേസമയം തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ കോടതിമുറിയില്‍ ഉറക്കെ വിളിച്ചുപറഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. നാലു പ്രതികളും കുറ്റക്കാരാണെന്ന് സാകേതിലെ അതിവേഗ കോടതി വിധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ബസില്‍ വച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. കേസിലെ ആറ് പ്രതികളില്‍ ഒന്നാം പ്രതി ബസ് ഡ്രൈവര്‍ രാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു.

പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് നല്‍കിയത്. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. ഇവര്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി.

ഏഴ് മാസമെടുത്താണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പെണ്‍കുട്ടിയുടെ മരണമൊഴി കേസില്‍ നിര്‍ണായകമായി. രാംസിംഗിന്റെ സഹോദരന്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നീ പ്രതികള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

വെബ്ദുനിയ വായിക്കുക