ജെ എന്‍ യു കാമ്പസില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളെ മൗലികാവകാശമായോ അഭിപ്രായ സ്വാതന്ത്ര്യമായോ കാണാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

വ്യാഴം, 3 മാര്‍ച്ച് 2016 (12:17 IST)
കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ശക്തമായ ഭാഷയിലാണ് ഡല്‍ഹി ഹൈക്കോടതി ജെ എന്‍ യു വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചത്. ഉപാകാര്‍ എന്ന സിനിമയിലെ ദേശഭക്തിഗാനം പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ റാണി വിധിപ്രസ്താവം ആരംഭിച്ചത്. ക്യാമ്പസില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളെ മൗലികാവകാശമായോ അഭിപ്രായ സ്വാതന്ത്ര്യമായോ കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിര്‍ത്തിയില്‍ സൈനികര്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് ജെ എന്‍ യുവില്‍ സുഖിച്ച് ജീവിക്കാന്‍ കഴിയുന്നത്.
 
സിയാച്ചിനില്‍ ഓക്‌സിജന്‍ പോലും ലഭിക്കാതെയാണ് സൈനികര്‍ രാജ്യം സംരക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഇത്തരം പ്രവണതകളെ അധ്യാപകര്‍ നിയന്ത്രിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍, ഉത്തകരവാദിത്തം കനയ്യയ്ക്കുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യ കാലത്ത് കാമ്പസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി കനയ്യയ്ക്ക് നിര്‍ദേശം നല്‍കി. 
 
പതിനായിരം രൂപ ബോണ്ടില്‍ ആറ് മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും ജെ എന്‍ യുവിലെ ഒരു അധ്യാപകന്‍ ജാമ്യം നില്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണിയാണ് കനയ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
 
 
 
 

വെബ്ദുനിയ വായിക്കുക