ജെ എന്‍ യു: ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും കോടതി ജാമ്യം അനുവദിച്ചു

വെള്ളി, 18 മാര്‍ച്ച് 2016 (17:39 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ എന്‍ യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം ലഭിച്ചു. ആറ് മാസത്തേക്ക് ഉപാധികളോടെയാണ് ഇവര്‍ക്ക് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരും 25,000 രൂപ കെട്ടി വയ്ക്കണം.  ഡല്‍ഹി വിട്ടു പോകരുതെന്ന് പാട്യാല ഹൗസ് കോടതി നിര്‍ദ്ദേശിച്ചു.
 
ജെ എന്‍ യുവില്‍ കഴിഞ്ഞ 9ന് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന വാദവും ഇവരുടെ പരിപാടിയില്‍ ഉയര്‍ന്നതായി ആരോപണമുണ്ട്.
 
ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രാജ്യം വിട്ടു പോകരുതെന്ന ഉപാധിയോടെയാണ് കനയ്യയ്ക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ അനിര്‍ബനും ഉമറിനും ഡല്‍ഹി വിട്ടു പോകരുതെന്ന കര്‍ശനമായ വ്യവസ്ഥയോടെയാണ് പാട്യാല കോടതി ജാമ്യം അനുവദിച്ചത്.
 

വെബ്ദുനിയ വായിക്കുക