ജുവനൈല്‍ ജസ്റ്റിസ് ആക്ട്: പ്രായപരിധി പുനര്‍നിര്‍ണിയിക്കില്ല

ബുധന്‍, 27 ഫെബ്രുവരി 2013 (20:13 IST)
PRO
PRO
ജുവനൈല്‍ ജസ്റ്റീസ് ആക്ടിന്റെ പരിധിയില്‍ വരുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രായപരിധി പുനര്‍നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി കൃഷ്ണ തിരാത്ത് . ജുവനൈല്‍ ജസ്റ്റീസ് ആക്ടിലെ ഭേദഗതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അവര്‍.

അതേസമയം നിയമത്തില്‍ വരുത്തേണ്ട മറ്റു ഭേദഗതികള്‍ പരിശോധിച്ചു വരികയാണെന്ന് ബിജെപി നേതാവ് ജയ് പ്രകാശ് നാരായണ്‍ സിംഗിന്റെ സബ്മിഷന് മറുപടിയായി കൃഷ്ണ തിരാത്ത് അറിയിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചു കൂട്ടിയ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ ജുവനൈല്‍ നിയമത്തിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്ന് യോഗത്തെ അറിയിച്ചിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു കൃഷ്ണ തിരാത്തിന്റെ പ്രസ്താവന.

അതേസമയം സ്ത്രീസുരക്ഷ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച ജസ്റ്റീസ് ജെ എസ് വര്‍മ്മ ജുവനൈല്‍ നിയമത്തില്‍ പ്രായപരിധി കുറക്കുന്നതിനെ അനുകൂലിച്ചിരുന്നില്ല.

വെബ്ദുനിയ വായിക്കുക