ജയലളിതയില്ലാത്ത പോയസ് ഗാര്‍ഡനില്‍ ഇപ്പോള്‍ എന്ത് സംഭവിക്കുന്നു?
വെള്ളി, 9 ഡിസംബര്‍ 2016 (20:17 IST)
പോയസ് ഗാര്‍ഡന്‍ ശാന്തമായി ഉറങ്ങുകയാണോ? അതോ ഉത്തരമില്ലാത്ത ചോദ്യങ്ങളാല്‍ വീര്‍പ്പുമുട്ടി അവിടം ഒരു പൊട്ടിത്തെറിക്ക് തയ്യാറെടുക്കുകയാണോ? എന്തായാലും, ജയലളിതയില്ലാത്ത പോയസ് ഗാര്‍ഡന്‍ ഒരു വലിയ ശൂന്യത അനുഭവിക്കുന്നുണ്ട്. അമ്മയുടെ മരണത്തിന് ശേഷം ഒരു തറവാട്ടിലുണ്ടാകുന്ന അതേ ശൂന്യത.
പോയസ് ഗാര്‍ഡനിലെ എണ്‍പത്തിയൊന്നാം നമ്പര്‍ ‘വേദാനിലയം’ എന്ന മാളികയിലാണ് ജയലളിത താമസിച്ചിരുന്നത്. 24000 സ്ക്വയര്‍ ഫീറ്റുള്ള ആ ബംഗ്ലാവിനുചുറ്റുമായിരുന്നു കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം വലംവച്ചത്.
എന്നാല്‍ അമ്മയില്ലാത്ത ശൂന്യതയെക്കുറിച്ച് പറയുമ്പോഴും പോയസ് ഗാര്‍ഡന്‍ ചുറ്റി പൊലീസിന്‍റെ ശക്തമായ സുരക്ഷാസംവിധാനമാണ് ഇപ്പോഴുമുള്ളത്. ആ വഴി ആരുപോയാലും പൊലീസുകാരുടെ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കടന്നുപോകാനാവില്ല.
എന്നാല്‍ പോയസ് ഗാര്‍ഡനിലുള്ളിലേക്ക് വരുമ്പോഴും തിരികെയിറങ്ങുമ്പോഴും ‘അമ്മ എന്നെ കാണുന്നുണ്ടാവുമോ?’ എന്ന് ഉള്ളില്‍ ആശയോടെ ചിന്തിക്കുന്ന ജനങ്ങളെ ഇപ്പോള്‍ അവിടെ കാണാനില്ല. വേദാനിലയത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ കാറിന്‍റെ മുന്‍സീറ്റിലിരുന്ന് കൈകള്‍ കൂപ്പി ചിരിയോടെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പുറത്തേക്കുവരുന്ന ജയലളിതയും അവിടെയില്ല. ഇപ്പോഴുള്ളത് മറ്റുചിലരാണ്.
വേദാനിലയത്തിനുള്ളില്‍ ആരൊക്കെയാണ് ഉള്ളത്, അവരൊക്കെ എന്തുചെയ്യുന്നു എന്നറിയാന്‍ രാവും പകലും കാത്തിരിക്കുന്ന മാധ്യമപ്പട. പിന്നെ എ ഐ എ ഡി എം കെയുടെ കുറച്ച് നേതാക്കളും പ്രവര്‍ത്തകരും. ഇടയ്ക്കിടെ ശശികലയെ സന്ദര്‍ശിക്കുന്ന മന്ത്രിമാരും മുഖ്യമന്ത്രി പനീര്‍ശെല്‍വവും.
സാധാരണയായി ജയലളിതയുടെ കാര്‍ നില്‍ക്കുന്ന പോര്‍ട്ടിക്കോയില്‍ ഇപ്പോഴുള്ളത് ശശികലയുടെ ബെന്‍സ്. ജയലളിത മിക്കപ്പോഴും ഇരിക്കാറുള്ള ഫസ്റ്റ് ഫ്ലോറിലെ മുറിയിലും ഓഫീസ് മുറിയിലും ഇപ്പോള്‍ ആരുമില്ല. അങ്ങോട്ട് ആരും പോകാറുമില്ല.
ശശികലയും ഇളവരശിയും അവരവരുടെ മുറികളില്‍ നിന്ന് വെളിയില്‍ വരുന്നതുതന്നെ അപൂര്‍വ്വം. ആ വീട്ടില്‍ താമസിക്കുന്നവരെല്ലാം, ഇപ്പോഴും ജയലളിത അവിടെയുണ്ട് എന്ന വിശ്വാസത്തിലാണെന്ന് കരുതാം. എല്ലാ കാര്യങ്ങള്‍ക്കും അതേ അച്ചടക്കം.
ജയലളിതയുടെ ഏറ്റവും അടുത്ത സഹായികളായ പൂങ്കുന്‍റന്‍, നന്ദകുമാര്‍ തുടങ്ങിയവരെ ഇപ്പോള്‍ അവിടെ കാണാനില്ല. മുഖ്യമന്ത്രി പനീര്‍ശെല്‍വവും ചില മുതിര്‍ന്ന എ ഐ എ ഡി എം കെ നേതാക്കളും ഇടയ്ക്കിടെ ശശികലയെ പോയസ് ഗാര്‍ഡനില്‍ സന്ദര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയെയും ഭരണത്തെയും മുന്നോട്ടുകൊണ്ടുപോകാനുള്ള ചില നിര്‍ണായക തീരുമാനങ്ങള്‍ ഈ ചര്‍ച്ചകളില്‍ കൈക്കൊണ്ടതായാണ് വിവരം.