ആന്ധ്രപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി വൈഎസ്‌ആറിന്റെ പുത്രനുമായ ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. ജഗന്റെ മാതാവ് വിജയലക്ഷ്മിയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജഗന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് താളുകളുള്ള രാജിക്കത്താണ് ജഗന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയത്. എഐസിസി തന്നെ കഴിഞ്ഞ 14 മാസമായി തുടര്‍ച്ചയായി അപമാനിക്കുകയാണെന്നും തന്റെ പിതാവിന്റെ പാരമ്പര്യം മറ്റുള്ളവര്‍ തട്ടിയെടുത്തു എന്നും പിതാവിന്റെ വിയോഗത്തോട് അനുബന്ധിച്ച് നടത്തിയ ‘ഒഡര്‍പ്പ് യാത്ര’ തുടരാന്‍ പാര്‍ട്ടി അനുവദിച്ചില്ല എന്നും ജഗന്‍ തന്റെ രാജിക്കത്തില്‍ ആരോപിക്കുന്നു.
‘സാക്ഷി’ ടിവി ചാനല്‍ ഒരു സ്വതന്ത്ര ചാനല്‍ ആണെന്നും അതിന്റെ പേരിലും തനിക്ക് പഴി കേള്‍ക്കേണ്ടി വന്നു എന്നും ജഗന്‍ പറയുന്നു. ജഗനും മാതാവും ശനിയാഴ്ച തന്നെ രാജി വയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.
അന്തരിച്ച വൈ എസ് ആര്‍ റായല്‍സീമയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു. ആന്ധ്ര രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഗതി നിര്‍ണ്ണയിച്ചിരുന്ന റെഡ്ഡി സമുദായംഗമായിരുന്ന വൈഎസ്‌ആറിന്റെ മരണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിന് ജഗന്‍ നടത്തിയ ‘ഒഡര്‍പ്പ്’ യാത്ര വന്‍ വിജയമായിരുന്നു. ഇതിലൂടെ ജഗന്റെ ജനസമ്മതി ഉയരുന്നത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പരിഭ്രമിപ്പിച്ചിരുന്നു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സോണിയയുടെ ദുര്‍ബ്ബലമായ നേതൃത്വമാണെന്നും സിംഗ് സോണിയയുടെ റബ്ബര്‍ സ്റ്റാമ്പ് ആണെന്നുമായിരുന്നു ചാനലിന്റെ വിമര്‍ശനം. ബീഹാറില്‍ കോണ്‍ഗ്രസിന് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്ക് ആണെന്നായിരുന്നു സാക്ഷിയുടെ മറ്റൊരു വിമര്‍ശനം.
റായല്‍സീമയില്‍ നിന്നുള്ള നിര്‍ണ്ണായക പിന്തുണ ജഗന്റെ രാജിയോടെ കോണ്‍ഗ്രസിന് നഷ്ടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.