ചെലവ് ചുരുക്കല്‍: കേന്ദ്രത്തില്‍ സമ്പൂര്‍ണ നിയമന നിരോധനം

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (11:49 IST)
PRO
PRO
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കരകയറ്റാന്‍ ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങള്‍ നല്‍കി. കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തിലേറെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തേണ്ടെന്ന് ഉത്തരവ് നല്‍കി. കൂടാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെലവ്ചുരുക്കല്‍ ഭാഗമായി കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സെമിനാറുകളും യോഗങ്ങളും അനിവാര്യമുണ്ടെങ്കിലേ നടത്താവൂ എന്നും സര്‍ക്കാര്‍ സെമിനാറുകള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തരുതെന്നും ഉത്തരവുണ്ട്.

ഇന്ത്യയുടെ വ്യാപാര പ്രോത്സാഹനത്തിനല്ലാതെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിദേശയാത്ര പാടില്ല. രാജ്യത്തിനകത്തും പുറത്തും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ബിസിനസ് ക്ലാസില്‍ ഔദ്യോഗിക യാത്ര നടത്താന്‍ അനുവാദമുള്ളൂ.

പഠനയാത്രകള്‍ക്ക് പോകുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതും നിരോധിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടേയും സംസ്ഥാന പദ്ധതികളുടേയും പണം ചെലവിടുന്നത് സംബന്ധിച്ച് കണക്ക് പ്രതിമാസം സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കണം. പദ്ധതിയേതര ചെലവുകള്‍ പത്ത് ശതമാനം വെട്ടിക്കുറച്ചു.

ചെലവ്ചുരുക്കല്‍ നിര്‍ദേശം എല്ലാ വകുപ്പുകള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് ധനകാര്യ സെക്രട്ടറി ആര്‍എസ് ഗുജ്‌റാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക