ചികിത്സാ പിഴവ്: ആറ് കോടി രൂപ നഷ്ടപരിഹാ‍രം നല്‍കാന്‍ സുപ്രീം‌കോടതി വിധി

വ്യാഴം, 24 ഒക്‌ടോബര്‍ 2013 (20:17 IST)
PRO
PRO
അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ആറ് കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ചികിത്സാ പിഴവ് മൂലമാണ് ഡോ കുനാല്‍ ഷായുടെ ഭാര്യ അനുരാധയുടെ ജീവന്‍ നഷ്ടമായത്. ഇതിനെ തുടര്‍ന്ന് നടന്ന കേസിലാണ് സുപ്രീംകോടതി വിധി. ചികിത്സാ പിഴവ് സംബന്ധിച്ച കേസുകളില്‍ ഇന്ത്യയില്‍ നല്‍കിയിട്ടുള്ള ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.

അമേരിക്കയില്‍ നിന്നും 1998ലാണ് ഡോ കുനാല്‍ ഷാ ഭാര്യക്കൊപ്പം കൊല്‍ക്കത്തയിലെത്തുന്നത്. കടുത്തപനിയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ അനുരാധയെ പ്രവേശിപ്പിച്ചു. ഇവിടെ ഒരാഴ്ച്ചത്തെ ചികിത്സക്ക് ശേഷം മുംബൈയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങള്‍ക്കകം അനുരാധ മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ നടത്തിയ ചികിത്സയിലെ പിഴവുകളാണ് അനുരാധയുടെ മരണത്തിന് കാരണമായത്.

ഇതിനെതിരെ കോടതിയെ സമീപിച്ച ഡോ കുനാല്‍ ഷായുടെ വാദങ്ങള്‍ 2009ല്‍ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. പിന്നീട് എത്ര തുകയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് പരമോന്നത ഉപഭോക്തൃകോടതിയോട് സുപ്രീംകോടതി ആരാഞ്ഞു. 1.7 കോടി നഷ്ടപരിഹാരമായി നല്‍കാനായിരുന്നു ഉപഭോക്തൃകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ച ഡോ കുനാല്‍ ഷാ 200 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അഞ്ച് കോടി 95 ലക്ഷം നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.

വെബ്ദുനിയ വായിക്കുക