ചാരവിമാനങ്ങളെന്നു കരുതി സേന നിരീക്ഷിച്ചത് ശുക്രനേയും വ്യാഴത്തെയും
തിങ്കള്‍, 29 ജൂലൈ 2013 (15:51 IST)
PRO
ചൈനീസ് ചാര വിമാനങ്ങളെന്ന് കരുതി ഇന്ത്യന്‍ സേന ആറ് മാസം ആകാശത്ത് നിരീക്ഷിച്ചത് ശുക്രനേയും വ്യാഴത്തേയുമെന്ന് തെളിഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞരാണ് ഇന്ത്യന്‍ സേനയുടെ ആറുമാസം നീണ്ട തലവേദനക്ക് പരിഹാരം കണ്ടെത്തിയത്.
ഹിമാലയത്തില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ കാവല്‍ നിന്നിരുന്ന സൈനികരാണ് ആദ്യമായി സംശയകരമായി ആകാശത്ത് കണ്ട വസ്തുക്കളെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിക്കുശേഷം ഈ രണ്ട് ഗ്രഹങ്ങളെയും രാത്രി വളരെ വ്യക്തമായും അടുത്തും ആകാശത്ത് കാണാമായിരുന്നു. 329 തവണ അതിര്‍ത്തി കടക്കുന്നതുപോലെയും അനുഭവപ്പെട്ടിരുന്നുവെന്ന് സൈനികര്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു.
അസ്വാഭാവികത തോന്നിയ കരസേന തന്നെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സിന്റെ സഹായം തേടിയത്. ആകാശത്ത് കാണപ്പെട്ട പ്രകാശത്തെക്കുറിച്ച് വിശദമായി പഠിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് അവ ഗ്രഹങ്ങളാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.