ഗോധ്ര സംഭവത്തിനു ശേഷം ഗുജറാത്തില്‍ നടന്ന കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ 62 പേര്‍ക്കെതിരെ “ സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം” (എസ്‌ഐടി)ക്ക് അന്വേഷണം നടത്താമെന്ന് ഗുജറാത്ത് ഹൈക്കോടതി. കേസില്‍, മോഡിയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി പറഞ്ഞു.
എസ്‌ഐടി അന്വേഷണത്തിനെതിരെ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി വെള്ളിയാഴ്ച തള്ളി. മോഡിക്കും മറ്റ് 62 പേര്‍ക്കും എതിരെയുള്ള എസ്‌ഐടി അന്വേഷണം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ലുനാവഡയില്‍ നിന്നുള്ള ബിജെപി എംഎല്‍എ കാലുബായ് മലിവദ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഗോധ്ര സംഭവത്തിനു ശേഷം നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി എഹ്സന്‍ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയാണ് കേസ് എസ്‌ഐടി നോക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍, സുപ്രീം കോടതി കേസിന്റെ അന്വേഷണ ചുമതല എസ്‌ഐടിക്ക് കൈമാറിയിട്ടില്ല എന്നും അതിനാല്‍ മോഡിയെ ചോദ്യം ചെയ്യാന്‍ ആവില്ല എന്നും മലിവദിന്റെ അഭിഭാഷകന്‍ വാദിച്ചു.
മുഖ്യമന്ത്രി, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പൊലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ അപകീര്‍ത്തിപ്പെടുത്താനായാണ് സക്കിയ പരാതി നല്‍കിയിരിക്കുന്നതെന്നും മലിവദിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
2002ല്‍ നടന്ന കലാപത്തില്‍ എഹ്സന്‍ ജാഫ്രിയും മറ്റ് 39 പേരും കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും മറ്റ് 62 പേര്‍ക്കും ഉള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണം എന്നാണ് സക്കിയ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.