ഗെഹ്‌ലോട്ട് യാഥാസ്ഥിതികന്‍‍: ബിജെപി

വെള്ളി, 30 ജനുവരി 2009 (08:32 IST)
രാജ്യത്തെ പബുകള്‍ മുഴുവന്‍ അടച്ചുപൂട്ടണമെന്നും പബ് സംസ്കാരം അനുവദിക്കരുതെന്നും അഭിപ്രായപ്പെട്ട കോണ്‍‌ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് കടുത്ത യാഥാസ്ഥിതികനാണെന്ന് ബിജെപി. പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡി ഡല്‍‌ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണിത്. പബുകളുടെ കാര്യത്തില്‍ എന്താണ് നയമെന്ന് കോണ്‍‌ഗ്രസ് പറയണമെന്നും റൂഡി ആവശ്യപ്പെട്ടു.

എല്ലാ പബുകളും അടച്ചുപൂട്ടണമെന്നും പബ് സംസ്കാരം അനുവദിക്കരുതെന്നും ഇന്നലെ ഗെഹ്‌ലോട്ട് പറയുകയുണ്ടായി. പബ് വിഷയത്തില്‍ കോണ്‍‌ഗ്രസിന്റെ അഭിപ്രായമറിയാന്‍ ബിജെപി ആഗ്രഹിക്കുന്നു. കോണ്‍‌ഗ്രസ് പാര്‍ട്ടി ഒരു കടുത്ത യാഥാസ്ഥിതിക പാര്‍ട്ടിയാണെന്ന് ഗെഹ്‌ലോട്ടിന്റെ പ്രസ്താവന തെളിയിക്കുന്നു. പബ് പ്രശ്നത്തെ ഇനിയും രാഷ്ട്രീയവല്‍ക്കരിക്കാതെ നയം വ്യക്തമാക്കുകയാണ് കോണ്‍‌ഗ്രസ് ചെയ്യേണ്ടത് - റൂഡി ആവശ്യപ്പെട്ടു.

മംഗലാപുരത്ത് പബില്‍ കയറി ശ്രീരാം സേന പെണ്‍‌കുട്ടികളെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കോണ്‍‌ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് നടത്തിയ പ്രസ്താവന വിവാദത്തിന് വഴിവച്ചിരുന്നു. പെണ്‍കുട്ടികള്‍ പബുകളില്‍ പോകുന്നതു നാടിന്റെ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നാണ് ഗെഹ്‌ലോട്ട് പറഞ്ഞത്.

ശ്രീ രാമ സേനയുടെ ‘സദാചാര പൊലീസ്’ റോളിനെ പിന്തുണയ്ക്കുന്നതാണ് ഗെഹ്‌ലോട്ടിന്റെ പ്രസ്താവനയെന്ന് വിമര്‍ശനമുയര്‍ന്നതോടെ ശ്രീരാം സേന നടത്തിയ അക്രമത്തിനെ ഒരിക്കലും ഗെഹ്‌ലോട്ട് ന്യായീകരിച്ചിട്ടില്ല എന്നും ചില മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു പ്രസ്താവന ഇറക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക