ഖണ്ഡന പ്രമേയത്തെ എതിര്‍ക്കാന്‍ മായ

ചൊവ്വ, 27 ഏപ്രില്‍ 2010 (10:06 IST)
PRO
രാസവളത്തിനും ഇന്ധനത്തിനും വില വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ചൊവ്വാഴ്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ ഖണ്ഡന പ്രമേയം കൊണ്ടുവരും. പ്രമേയം കൊണ്ടുവരുന്ന സാഹചര്യത്തില്‍, മായാവതി നയിക്കുന്ന ബി‌എസ്പി കേന്ദ്ര സര്‍ക്കാരിന് അനുകൂല നിലപാട് എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സഭയില്‍ ബി‌എസ്പിക്ക് 21 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. ഇടതുപക്ഷത്തിനൊപ്പം ഖണ്ഡന പ്രമേയം കൊണ്ടുവരുന്ന 13 കക്ഷികള്‍ക്കുമായി 87 പേരുടെ പിന്തുണയും പ്രമേയത്തെ അനുകൂലിക്കുന്ന എന്‍ഡി‌എയ്ക്ക് 151 പേരുടെ പിന്തുണയും ഉണ്ട്. സഭയിലുള്ള ഒമ്പത് സ്വതന്ത്രരില്‍ പലരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും യുപി‌എ നേതൃത്വം കണക്കുകൂട്ടുന്നു.

മായാവതിയുടെ മലക്കം‌മറിച്ചിലിലൂടെ പ്രമേയത്തെ പരാജയപ്പെടുത്താമെന്ന ചിന്തയിലാണ് യുപി‌എ സര്‍ക്കാര്‍. ഇതിനായി, തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മായാ‍വതി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്.

ഖണ്ഡന പ്രമേയമെന്ന പരീക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ അംഗങ്ങളും ഹാജരാവുന്നതിന് കോണ്‍ഗ്രസും ബിജെപിയും വിപ്പ് നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക