കോഹിനൂര്‍ രത്നം ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറില്ല: ഡേവിഡ് കാമറൂണ്‍
വ്യാഴം, 21 ഫെബ്രുവരി 2013 (12:27 IST)
PTI
PTI
കോളനിവാഴ്ചക്കാലത്ത് ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂര്‍ രത്നം ബ്രിട്ടന്‍ തിരികെ തരില്ല. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
“കോഹിനൂര്‍ രത്നം ഞങ്ങളുടേതാണ്, അത് തിരിച്ചു തരില്ല”- സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ കാമറൂണ്‍ പ്രതികരിച്ചു. 105 കാരറ്റ് കോഹിനൂര്‍ രത്നം ഇപ്പോള്‍ ടവര്‍ ഒഫ് ലണ്ടനിലാണ് സൂക്ഷിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ അമ്മയായ രജ്ഞിയുടെ കിരീടത്തിലാണ് ഈ രത്നം അലങ്കരിച്ചു സൂക്ഷിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതി നേടിയ കോഹിനൂര്‍ രത്നം തിരിച്ചു നല്‍കണം എന്ന് ഇന്ത്യ പല തവണ ആവശ്യപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബ്രിട്ടനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത് എന്നാണ് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 1849 പഞ്ചാബ് രാജാവായിരുന്ന ദുലീപ് സിംഗിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചാണ് വെള്ളക്കാര്‍ കോഹിനൂര്‍ രത്നം സ്വന്തമാക്കിയത്. ലാഹോര്‍ ഉടമ്പടി പ്രകാരം ഈ അപൂര്‍വ രത്നം വിക്ടോറിയ രാജ്ഞിക്ക് സമര്‍പ്പിക്കുകയും ചെയ്തു.