കൂട്ടമാനഭംഗം: വിചാരണ കോയമ്പത്തൂരിലേക്ക് മാറ്റണമെന്ന് പ്രതി
തിങ്കള്‍, 21 ജനുവരി 2013 (14:06 IST)
PTI
PTI
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ വിചാരണ ഡല്‍ഹിയ്ക്ക് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതി സുപ്രീംകോടതിയില്‍. കേസിലെ ആറ് പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് ആണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് വിചാരണ മാറ്റണം എന്നാണ് പ്രതി ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് മാറ്റണം. പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകന്‍ എം എല്‍ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ പൊലീസിനെയും കോടതിയേയും സ്വാധീനിച്ചേക്കാം എന്ന് പ്രതിയുടെ ഹര്‍ജിയില്‍ പറയുന്നു. ചെന്നൈ, ബാംഗ്ലൂര്‍ പോലുള്ള മെട്രോ നഗരങ്ങളിലും വിചാരണ വേണ്ടി. ഡല്‍ഹി പോലെയല്ല കോയമ്പത്തൂര്‍. ശാന്തമായ സ്ഥലമാണത്. ക്ഷേത്ര നഗരമാണ് മഥുര. അവിടങ്ങളിലെ ജനങ്ങള്‍ ദൈവഭക്തിയുള്ളവരാണ്, അവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാതെ സ്വന്തം കാര്യം നോക്കി ജീവിച്ചോളും എന്നും പ്രതിയുടെ അഭിഭാഷകന്‍ പറയുന്നു.
കേസില്‍ 80 സാക്ഷികളാണ് ഉള്ളത്. കൊലപാതകം, കൂട്ടബലാത്സംഗം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, അസ്വാഭാവിക കുറ്റകൃത്യം, കവര്‍ച്ചയും കൊലപാതകവും, മനഃപൂര്‍വം ഉപദ്രവിക്കല്‍, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.