പൂനെയില്‍ വിവാഹിതയായ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മുഖ്യപ്രതിയെയും പൊലീസ് പിടികൂടി. സുഭാഷ് ബോസ്ലെ എന്നയാളെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളായ ഉത്തം കാംബ്ലി (26), ശഹാജി ഗഡെ (25) എന്നിവരെ നേരത്തെ തന്നെ പിടികൂടിയിരുന്നു. ഡ്രൈവര്‍മാരായി ജോലിനോക്കുന്ന ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബലാത്സംഗത്തിന് ഇരയായ ഇരുപത്തിയഞ്ചുകാരി ഒരു ‘ഷെയര്‍ ടാക്സി’യില്‍ കയറി. ടാക്സിയില്‍ ഉണ്ടായിരുന്ന മൂന്നംഗ സംഘം അവരെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.
രാത്രി പന്ത്രണ്ട് മണിയോടെ മൂന്നംഗ സംഘം യുവതിയെ മറ്റൊരിടത്ത് ഉപേക്ഷിച്ച് കടക്കുകയായിരുന്നു. എംബിഎ ബിരുദധാരിയായ യുവതി കഴിഞ്ഞ മാസമാണ് യുഎസില്‍ നിന്ന് നാട്ടിലെത്തിയത്. ഇവരുടെ ഭര്‍ത്താവ് യുഎസിലാണ്.