കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് കീര്‍ത്തി ആസാദ്
വ്യാഴം, 24 ഡിസംബര്‍ 2015 (10:49 IST)
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ബി ജെ പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പി കീര്‍ത്തി ആസാദ്. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് കീര്‍ത്തി ആസാദ് പറഞ്ഞിരിക്കുന്നത്.
അഴിമതിക്കെതിരായ പോരാട്ടം നടത്തിയതിനാണ് ബി ജെ പി എനിക്കെതിരെ നടപടിയെടുത്തത്. പാര്‍ട്ടി ഇത്ര തരംതാഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആത്മാര്‍ത്ഥമായാണ് താന്‍ ബി ജെ പിക്കുവേണ്ടി പ്രവര്‍ത്തിച്ചതെന്നും ഇനി എന്താണ് താന്‍ ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണൂ എന്നും കീര്‍ത്തി ആസാദ് പറഞ്ഞു.
അരുണ്‍ ജെയ്‌റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും നപുംസകമെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനാണ് കീര്‍ത്തി ആസാദിനെ ബി ജെ പി സസ്പെന്‍ഡ് ചെയ്തത്‍. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ ജെയ്‌റ്റ്‌ലിക്ക് പങ്കുണ്ടെന്നായിരുന്നു കീര്‍ത്തി ആസാദ് ആരോപിച്ചത്. ഇത് വലിയ വിവാദമായി കത്തിപ്പടര്‍ന്നു. ജെയ്‌റ്റ്‌ലിയെ ഇതിനിടെ ആസാദ് ‘നപുംസകം’ എന്ന് വിശേഷിപ്പിച്ചതും വിവാദമായി.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെക്കുറിച്ച് വിക്കിലീക്സ് ഫോര്‍ ഇന്ത്യ നടത്തിയ അന്വേഷണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ആസാദ് പുറത്തുവിട്ടിരുന്നു.
കള്ളക്കണക്കുകള്‍ ഉണ്ടാക്കി വ്യാജ കമ്പനികള്‍ക്ക് കോടികള്‍ നല്‍കിയെന്നും അസോസിയേഷന്‍റെ കരാറുകളെല്ലാം വ്യാജ കമ്പനികള്‍ക്കാണ് നല്‍കിയതെന്നും ആസാദ് ആരോപിച്ചിരുന്നു.
അതിനിടെ, ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ അരുണ്‍ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നും ആരോപണമുയര്‍ന്നു. ഐ പി എസ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍റെ മുന്‍ പ്രസിഡന്‍റുമായിരുന്ന കെ പി എസ് ഗില്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇതുസംബന്ധിച്ച് ഗില്‍ പരാതി നല്‍കി. അരുണ്‍ ജെയ്റ്റ്‌ലി ഉപദേശകസമിതി അംഗമായിരിക്കെ ഹോക്കി ഇന്ത്യയുടെ അഭിഭാഷകയായി മകള്‍ സൊണാലിയെ നിയമിച്ചത് ഗില്‍ ചൂണ്ടിക്കാട്ടുന്നു. വലിയ തുക സൊണാലിക്ക് ഫീസ് ഇനത്തില്‍ നല്‍കേണ്ടിവന്നതായും ഗില്‍ ആരോപിക്കുന്നു.