കാര്‍ഗില്‍ യുദ്ധത്തിന് ഇന്നേക്ക് 14 വയസ്; ദേശസ്നേഹം പങ്കുവെയ്ക്കാം

വെള്ളി, 26 ജൂലൈ 2013 (13:06 IST)
PTI
“വന്ദേമാതരം” രാജ്യത്ത് മുഴുവന്‍ ഈ മനോഹരമായ വാക്യം അലയടിച്ചുകൊണ്ടിരിക്കും, കാരണം പാകിസ്ഥാനെതിരെ വിജയം കൈവരിച്ച കാര്‍ഗില്‍ യുദ്ധത്തിന് ഇന്നേക്ക് 14 വയസ്. 60 ദിവസം നീണ്ട യുദ്ധത്തില്‍ 527 ഇന്ത്യന്‍ ജവാന്‍‌മാര്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയ വിജയമായിരുന്നു ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട് വിളിച്ച കാര്‍ഗില്‍ യുദ്ധം.

തീവ്രവാദികളുടെ വേഷത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറിയതോടെയാണ് കാര്‍ഗില്‍ യുദ്ധത്തിന് തുടക്കമായത്. തദ്ദേശീയരായ ആട്ടിടയരാണ് നുഴഞ്ഞ് കയറ്റം ആദ്യം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടക്കത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ നുഴഞ്ഞ് കയറിയില്ല എന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും പാകിസ്ഥാന്റെ സൈനിക മേധാവിയായിരുന്ന മുഷറഫിന്റെ കുതന്ത്രത്തില്‍ മെനഞ്ഞ നുഴഞ്ഞുകയറ്റമായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കുകയായിരുന്നു. ഇന്ത്യക്കെതിരെ ശക്തമായ ആക്രമണം നടത്താനായിരുന്നു മുഷറഫിന്റെ ഉള്ളിലിരിപ്പ്.

PTI
കാര്‍ഗിലിലെ ഉയര്‍ന്ന പ്രദേശങ്ങലളില്‍ അതിക്രമിച്ച് കയറിയ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കുകയും ഇന്ത്യന്‍ സൈന്യത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

യുദ്ധത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സൈനികരെ പിടിച്ച് കൊണ്ടു പോകുകയും ക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനികരുടെ കണ്ണ് ചൂഴ്ന്ന് എടുക്കുകയും സിഗരറ്റ് തുടങ്ങിയവ കൊണ്ട് ശരീരമസകലം പൊള്ളിക്കുകയും ജനനേന്ദ്രിയങ്ങളില്‍ മറ്റും മുറിച്ച് മാറ്റുകയും ചെയ്തു. ക്രൂരമായ കൊടിയ പീഡനങ്ങള്‍ക്ക് ശേഷം ജവാന്മാരെ വെടിവെച്ച് കൊല്ലുകയുമാണ് ചെയ്തത്.

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഈ നീക്കത്തില്‍ രോഷാകുലരായ ഇന്ത്യന്‍ സൈന്യം ജൂണ്‍ ഒന്‍പതോടെ യുദ്ധം ശക്തമാക്കുകയായിരുന്നു. ഇതിനിടയില്‍ ദിനം പ്രതി ഇന്ത്യന്‍ ജവാന്‍‌മാര്‍ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്നു. ആദ്യം ഇന്ത്യന്‍ സൈനന്യം ബറ്റാലിക് മേഖലയിലെ രണ്ട് നിര്‍ണ്ണായക പോസ്റ്റുകള്‍ തിരിച്ച് പിടിക്കുകയാണ് ചെയ്തത്. ഇതിനിടെ ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന പാകിസ്ഥാന്റെ സൈനിക മേധാവി മുഷറഫിന്റെ ശബ്ദലേഖനം ഇന്ത്യ പുറത്ത് വിടുകയും ചെയ്തു.

PTI
പാകിസ്ഥാന്റെ കാപട്യങ്ങളെല്ലാം പുറത്തായതിനെ തുടര്‍ന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ സൈന്യം ജൂലൈ ഏഴിന് ടൈഗര്‍ ഹില്ലും ജൂബാര്‍ മേഖലയും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക കേന്ദ്രങ്ങളും തിരിച്ച് പിടിക്കുകയും ചെയ്തു

തീര്‍ത്തും ദുര്‍ബലമായതോടെ പാകിസ്ഥാന്‍ സൈന്യം യുദ്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദവും പാകിസ്ഥാന് മേല്‍ ശക്തമാകുകയായിരുന്നു. യുദ്ധത്തിന്റെ അവസാനം ജൂലൈ 14 ന് ബറ്റാലിക് മേഖല കൂടി ഇന്ത്യന്‍ സൈന്യ പിടിച്ചെടുത്തതോടെ ഓപ്പറേഷന്‍ വിജയ് വിജയിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്‌പോയി പ്രഖ്യാപിക്കുകയായിരുന്നു.

യുദ്ധത്തില്‍ ഇന്ത്യക്ക് ജീവന്‍ ബലി നല്‍കേണ്ടിവന്നത് 527 ജവാന്‍‌മാരെയായിരുന്നു, കൂടാതെ ആയിരക്കണക്കിന് പരുക്കേറ്റവരെയും. ഇവരുടെ ഓര്‍മകള്‍ക്കായി കാര്‍ഗില്‍ വിജയ് ദിവസം ഡല്‍ഹി ഇന്ത്യാ ഗേറ്റിലും കാശ്മീരിലെ കാര്‍ഗില്‍ സെക്ടറിലും യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ നടക്കും.

വെബ്ദുനിയ വായിക്കുക