കസബിന് താമസമൊരുക്കാന്‍ അഞ്ചു കോടി!

വെള്ളി, 26 ഫെബ്രുവരി 2010 (08:51 IST)
PRO
PRO
മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിര്‍ കസബിന്റെ ജയിലറ ഒരുക്കാനായി മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് ചെലവിട്ടത് 5.24 കോടി രൂപ! ജൂഹുവിലെ ഒരു സാമൂഹിക പ്രവര്‍ത്തകനായ യോഗാചാര്യ നല്‍കിയ വിവരാവകാശ ഹര്‍ജിക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന തടവുകാരനും കസബാണ്. പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ കസബിനെ വധിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അതീവ സുരക്ഷയുള്ള ജയിലറ നിര്‍മ്മിച്ചിരിക്കുന്നത്.

ആര്‍തര്‍ റോഡ് ജയിലിലെ കസബിന്റെ ജയില്‍ മുറിയും പ്രത്യേക കോടതി മുറിയും തമ്മില്‍ ബന്ധിപ്പിക്കുന്ന 20 അടി നീളമുള്ള തുരങ്കത്തിന് ഏകദേശം 2 കോടിയോളം രൂപ ചെലവായി എന്നാണ് കണക്കാക്കുന്നത്. ബോംബ്, രാസായുധ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന രീതിയിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്.

കസബിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലറയും തുരങ്കവും പ്രത്യേക കോടതിയും ശീതീകരിച്ചിട്ടുള്ളവയാണ്. ജയിലില്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും പ്രത്യേക സുരക്ഷാ ഭടന്മാരുടെ സംരക്ഷണവും 24 മണിക്കൂറും ഒരുക്കിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക